വിനീത് ഗോളടിച്ചിട്ടും ബെംഗളൂരുവിന്റെ സമയം തെളിഞ്ഞില്ല

- Advertisement -

ബെംഗളൂരു എഫ്സിയുടെ കഷ്ടകാലം തീരുന്നില്ല, തുടർച്ചയായ ഏഴാം മത്സരത്തിലും വിജയം കാണാതെ മടങ്ങിയപ്പോൾ ഈസ്റ്റ് ബംഗാളിന് ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയം. ബെംഗളൂരു ഹോം ഗ്രൗണ്ട് ആയ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബെംഗളൂരു എഫ്സിയുടെ മേൽ തികച്ചും ആധിപത്യം പുലർത്തിയാണ് ബംഗാൾ ടീം വിജയിച്ചത്.

വെഡ്‌സൺ അൻസൽയുടെ ഗോളിൽ മത്സരത്തിന്റെ 23ആം മിനിറ്റിൽ തന്നെ ഈസ്റ്റ് ബംഗാൾ ലീഡ് എടുത്തിരുന്നു. തുടർന്ന് ആദ്യ പകുതിയിൽ ഗോൾ ഒന്നും വഴങ്ങാതെ ബെംഗളൂരു പിടിച്ചു നിന്നെങ്കിലും രണ്ടാം പകുതിയിൽ ഇന്ത്യൻ താരം റോബിൻ സിങ് നേടിയ ഇരട്ട ഗോളോടെ ബെംഗളൂരു പരാജയം സമ്മതിക്കുകയായിരുന്നു. 54′, 59 മിനിറ്റുകളിൽ ആയിരുന്നു റോബിൻ സിംഗിന്റെ ഗോളുകൾ പിറന്നത്. മലയാളി താരം സികെ വിനീതിന്റെ വകയായിരുന്നു ബെംഗളൂരു എഫ്സിയുടെ ആശ്വാസ ഗോൾ, 85ആം മിനിറ്റിൽ ആയിരുന്നു വിനീതിന്റെ ഗോൾ പിറന്നത്. ഈസ്റ്റ് ബംഗാളിനെതിരെ കൊൽക്കത്തയിൽ നടന്ന മത്സരത്തിലും വിനീത് ഗോൾ നേടിയിരുന്നു എങ്കിലും തോൽക്കാനായിരുന്നു ബെംഗളുരുവിന്റെ വിധി. 11 മത്സരങ്ങളിൽ 7 വിജയങ്ങളുമായി 24 പോയിന്റോടെ ഈസ്റ്റ് ബംഗാൾ ആണ് ലീഗിൽ ഒന്നാമത്. 13 പോയിന്റോടെ നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു അഞ്ചാം സ്ഥാനത്താണ്.

അതെ സമയം ഇന്നത്തെ ആദ്യ മത്സരത്തിൽ ഐസ്വാൾ എഫ്‌സി എതിരില്ലാത്ത ഒരു ഗോളിന് ചെന്നൈ സിറ്റിയെ തോൽപ്പിച്ചു. 53ആം മിനിറ്റിൽ ബ്രെണ്ടൻ നേടിയ ഗോളിനാണ് ഐസ്വാൾ ചെന്നൈയെ മറികടന്നത്. വിജയത്തോടെ 23 പോയിന്റുമായി ഐസ്വാൾ രണ്ടാം സ്ഥാനത്തെത്തി. 8 പോയിന്റുമായി ചെന്നൈ ഒൻപതാം സ്ഥാനത്താണ്.

Advertisement