ജയിച് കയറി ബഗാനും മുംബൈയും, ചെന്നൈ സിറ്റി – മിനേര്‍വ മാച്ച് സമനിലയില്‍

ഐ ലീഗില്‍ ഗെയിം വീക്ക് ഒന്നിലെ രണ്ടാം ദിനത്തില്‍ കരുത്തരായ മോഹന്‍ബഗാനും മുംബൈ എഫ്സിയും ജയിച്ച് കയറിയപ്പോള്‍ ചെന്നൈ സിറ്റി പഞ്ചാബിന്‍റെ മിനേര്‍വക്ക് മുന്നില്‍ സമനിലയില്‍ കുരുങ്ങി.

ചെന്നൈ സിറ്റി – മിനേര്‍വ എഫ്സി

രണ്ടാം ദിനത്തിലെ ആദ്യ മത്സരം തന്നെ ഗോള്‍ രഹിത സമനിലയില്‍ കലാശിച് ചെന്നൈ സിറ്റിയും മിനേര്‍വ എഫ്സിയും ഐ ലീഗ് ചരിത്രത്തിലെ തങ്ങളുടെ ആദ്യത്തെ പോയിന്‍റ് സ്വന്തമാക്കി. ചെന്നൈയുടെ തട്ടകമായ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ ആധിധേയര്‍ക്കായിരുന്നു മുന്‍‌തൂക്കം എങ്കിലും പോരാട്ട വീര്യം ഒട്ടും ചോരാതെ മിനേര്‍വ എഫ്സിയുടെ താരങ്ങള്‍ പോരാടി സമനില വാങ്ങുകയായിരുന്നു.

ആദ്യ പത്ത് മിനിറ്റില്‍ തന്നെ മികച രണ്ടു നീക്കങ്ങളുമായി ചെന്നൈ മിനേര്‍വയുടെ പ്രതിരോധത്തെ പരീക്ഷിച്ചുവെങ്കിലും അതൊന്നും ഗോളാക്കി മാറ്റാന്‍ ചെന്നൈ താരങ്ങള്‍ക്കായില്ല. തുടർന്നങ്ങോട്ട് നിരവധി അവസരങ്ങൾ ഇരുടീമുകളും പാഴാക്കുന്നതാണ് കണ്ടത്. മിനേർവയുടെ മൻദീപ് ക്ളോസ് റേഞ്ചിൽ ലീഡ് നേടാനുള്ള ഒരു അവസരം പാഴാക്കി.

രണ്ടാം പകുതിയിൽ ചെന്നൈ കൂടുതൽ ആക്രമിച്ചു കളിച്ചു ഗോൾ നേടാൻ ശ്രമിച്ചു എങ്കിലും അതെല്ലാം വിഫലമാവുകയായിരുന്നു. തുടർന്ന് ഇരു ടീമുകളും സബ്സ്റ്റിട്യൂട്ടുകളെ പരീക്ഷിച്ചുവെങ്കിലും അതൊന്നും മത്സരത്തെ കാര്യമായി ബാധിച്ചില്ല.

മുംബൈ എഫ്‌സി – DSK ശിവജിയൻസ്

സീസണിലെ ആദ്യത്തെ മഹാരാഷ്ട്ര ഡെർബിയിൽ ശിവജിയൻസിനെതിരെ മുംബൈ എഫ്‌സിക്ക് എതിരില്ലാത്ത ഒരു ഗോളിന്റെ വിജയം. നിറഞ്ഞ ഗാലറിക്ക് മുന്നിൽ നടന്ന മത്സരത്തിൽ, ടീമിലേക്ക് പുതുതായി എത്തിയ തോയ്‌ സിങ് 21ആം മിനിറ്റിൽ  നേടിയ ഗോളിനാണ് മുംബൈ സ്വന്തം കാണികൾക്ക് മുന്നിൽ വിജയിച്ചു കയറിയത്. ആദ്യ പകുതിയിൽ തുടർന്നങ്ങോട്ട് പൂനെയിൽ ടീം ഗോൾ മടക്കാനായി പരമാവധി പരിശ്രമിച്ചെങ്കിലും ഒന്നും ഫലവത്തായില്ല.

രണ്ടാം പകുതിയിൽ മികച്ച രീതിയിലാണ് ശിവജിയൻസ് തുടങ്ങിയത്. മികച്ച അക്രമണങ്ങളിലൂടെ മുംബൈ പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചുവെങ്കിലും പൂനൈ ടീമിന് മുന്നിൽ മുംബൈ ഗോൾ കീപ്പർ കട്ടിമണി തടസമായി നിന്നതിനു പുറമെ ശിവജിയൻസ് ക്യാപ്റ്റൻ സ്റ്റീവൻ ഡയസ് മികച്ച രണ്ടു അവസരങ്ങൾ പാഴാക്കുകയും ചെയ്തു. യുവാൻ ക്യുറോ എടുത്ത ഒരു മനോഹരമായ ഒരു ഫ്രീകിക്ക് ഗോളാക്കി മാറ്റാൻ ശിവജിയൻസ് താരങ്ങൾക്ക് കഴിയാതിരുന്നതോടെ പൂനെ ടീം പരാജയം ഉറപ്പിച്ചു.

മോഹൻ ബഗാൻ – ചർച്ചിൽ ബ്രദേഴ്‌സ്

കഴിഞ്ഞ വർഷത്തെ ഐ ലീഗ് റണ്ണേഴ്‌സപ്പ് ആയ മോഹൻ ബഗാന് വിജയത്തുടക്കം. ബാരസാത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബൽവന്ത് സിങ് നേടിയ ഒരു ഗോളിനാണ് ബഗാൻ ചർച്ചിലിനെ മറികടന്നത്.

ഒന്പത് മാസം പരിക്ക് മൂലം വിശ്രമത്തിൽ ആയിരുന്ന ബൽവന്ത് സിങിന് മികച്ചൊരു തിരിച്ചു വരവാണ് ഇന്ന് ലഭിച്ചത്. 28ആം മിനിറ്റിൽ പരിതാം കോട്ടൽ നൽകിയ മനോഹരമായ ഒരു ക്രോസ് ഹെഡ് ചെയ്ത് ബൽവന്ത് ബഗാന് വേണ്ടി വല കുലുക്കുകയായിരുന്നു. ചർച്ചിൽ ബ്രദേഴ്‌സിന് ബാഗാന് തലവേദനയാവുന്ന നീക്കങ്ങൾ ഒന്നും ഉണ്ടാക്കനായില്ല.

ബഗാന്റെ ഫുൾ ബാക് സുബാഷിഷ് ബോസ് 64ആം മിനിറ്റിൽ മത്സരത്തിലെ രണ്ടാം മഞ്ഞക്കാർഡ് നേടി പുറത്തായതോടെ ബാഗാൻ പത്ത് പേരായി ചുരുങ്ങി. തുടർന്ന് പ്രതിരോധത്തിലേക്ക് വലിഞ്ഞ ബഗാൻ ആദ്യ പകുതിയെ അപേക്ഷിച് ചെറിയ നീക്കങ്ങൾ നടത്തിയ ചർച്ചിൽ മുന്നേറ്റത്തിന്റെ മുനയൊടിക്കുകയായിരുന്നു.

കിരീടം ലക്‌ഷ്യം വെച്ചിറങ്ങിയ മോഹൻ ബഗാന് മികച്ച തുടക്കമാണ് ലഭിച്ചത്.