ജയിച്ചേ തീരു, കോഴിക്കോടിൽ ഇന്ന് ഗോകുലം മോഹൻ ബഗാൻ പോരാട്ടം

ഐ ലീഗ് സീസൺ കലാശകൊട്ടായ ഇന്ന് കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ ഗോകുലം എഫ് സി മോഹൻ ബഗാനെ നേരിടും. ഇരു ടീമുകൾക്കും ജയം നിർബന്ധമായ മത്സരമാണ് ഇന്ന്. ഗോകുലം എഫ് സിക്ക് ആറാം സ്ഥാനവും സൂപ്പർ കപ്പും ഉറപ്പിക്കാൻ ഇന്ന് ജയിച്ചേ തീരൂ. 17 മത്സരങ്ങളിൽ നിന്ന് 20 പോയന്റുള്ള ഗോകുലം ഇപ്പോൾ ഏഴാം സ്ഥാനത്താണ് ഉള്ളത്.

18 മത്സരങ്ങൾ പൂർത്തിയാക്കിയ ഷില്ലോങ്ങ് ലജോങ്ങ് ആണ് ഇപ്പോൾ 22 പോയന്റുമായി ആറാം സ്ഥാനത്ത് ഉള്ളത്. ആറാം സ്ഥാനത്ത് എത്തിയാലെ നേരിട്ട് സൂപ്പർ കപ്പിന് യോഗ്യത നേടാൻ ഗോകുലത്തിന് ആകു. ഗോകുലത്തിന് ആറാം സ്ഥാനമാണ് ലക്ഷ്യം എങ്കിൽ മോഹൻ ബഗാന്റേത് അതിലും വലിയ ലക്ഷ്യമാണ്. കിരീടമാണ് ബഗാന്റെ ഇന്നത്തെ ലക്ഷ്യം. ഇന്ന് കോഴിക്കോടിൽ വിജയിക്കുകയും മറ്റു ഫലങ്ങൾ അനുകൂലമാവുകയും ചെയ്താൽ ബഗാന് ഐ ലീഗ് കിരീടം ഉയർത്താം.

കഴിഞ്ഞ മാസം മോഹൻ ബഗാനെ അവരുടെ നാട്ടിൽ വെച്ച് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാകും ബിനോ ജോർജ്ജും സംഘവും ഇന്ന് ഇറങ്ങുക. ബഗാനെതിരെ അന്ന് ഗോളടിച്ച അൽ ഹാജ്മിയും ഹെൻറിയും മികച്ച ഫോമിലാണ് എന്നതും ഗോകുലത്തിന്റെ കരുത്ത്കൂട്ടും.

ഇന്ന് വൈകിട്ട് മൂന്നു മണിക്കാണ് മത്സരം. മത്സരത്തിന് മുന്നേ ഇന്ത്യൻ ഫുട്ബോളിലെ മലയാളി ഇതിഹാസങ്ങളെ ആദരിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവളാഞ്ചേരിയിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ എ വൈ സിക്ക് ജയം
Next article6 വിക്കറ്റുമായി ഉമര്‍ ഗുല്‍, എന്നിട്ടും സുല്‍ത്താന്‍സിനെ പരാജയപ്പെടുത്തി ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ്