കിരീടം കേരളത്തിൽ എത്തിക്കാൻ ഗോകുലം തയ്യാർ, ഇത്തവണത്തെ മിന്നും താരങ്ങളെ അറിയാം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പുതിയ ഐലീഗ് സീസണായുള്ള സ്ക്വാഡ് ഗോകുലം കേരള എഫ് സി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 25 അംഗ ടീമിനെയാണ് ഗോകുലം കേരള എഫ് സി അവതരിപ്പിച്ചത്. മലയാളി താരങ്ങൾക്ക് കൂടുതൽ അവസരം നൽകിയാണ് ഇത്തവണയും ഗോകുലം സ്ക്വാഡ് ഒരുക്കിയിരിക്കുന്നത്. 25 അംഗ ടീമിൽ 10 പേരും മലയാളികൾ ആണ്‌.

ഗോകുലം കേരള എഫ് സിയുടെ സ്ക്വാഡിലെ 25 അംഗങ്ങളെയും അറിയാം;

Goalkeepers

ഉബൈദ് സി കെ;
കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയായ ഉബൈദ് വിവാ കേരളയിലൂടെ ആണ് തന്റെ ഫുട്ബോൾ കരിയർ തുടങ്ങിയത്. പിന്നീട് മുംബൈയിൽ എത്തി എയർ ഇന്ത്യ, ഒ എൻ ജി സി എന്നീ ക്ലബുകൾക്കായി കളിച്ചു. ഗോകുലം കേരള എഫ് സിയിൽ എത്തും മുമ്പ് ഈസ്റ്റ് ബംഗാളിൽ ആയിരുന്നു ഉബൈദ്. ഈ കഴിഞ്ഞ ഡ്യൂറണ്ട് കപ്പ് സെമി ഫൈനലിൽ ഈസ്റ്റ് ബംഗാളിനെതിരെ ഷൂട്ടൗട്ടിൽ ഗോകുലത്തിന്റെ ഹീറോ ആയത് ഉബൈദ് ആയിരുന്നു.

വിഗ്നേശ്വരൻ ഭാസ്കരൻ;

തമിഴ്നാട് സ്വദേശിയായ വിക്കി ചെന്നൈ സിറ്റി, മിനേർവ പഞ്ചാബ്, ചർച്ചിൽ ബ്രദേഴ്സ് എന്നീ ക്ലബുകൾക്കായി മുമ്പ് കളിച്ചിട്ടുണ്ട്. സെക്കൻഡ് ഡിവിഷൻ ക്ലബുകൾ ആയിരുന്നു ഫതേഹ് ഹൈദരബാദ്, സുദേവ എന്നീ ടീമുകളുടെയും ഭാഗമായിട്ടുണ്ട്.


അജ്മൽ പി എ;

മലപ്പുറം സ്വദേശിയായ അജ്മൽ അവസാന മൂന്ന് വർഷമായി ഗോകുലം കേരള എഫ് സിയുടെ യുവ ടീമുകൾക്ക് ഒപ്പം ഉണ്ട്. രണ്ട് വർഷം മുമ്പ് കേരള പ്രീമിയർ ലീഗ് നേടിയ ഗോകുലം കേരള എഫ് സി റിസേർവ് ടീമിന്റെ വല കാത്തത് അജ്മൽ ആയിരുന്നു.

ഡിഫൻസ്;


സെബാസ്റ്റ്യൻ തങ്മുവൻസങ്;

മണിപ്പൂർ സ്വദേശിയാണ് സെബാസ്റ്റ്യൻ. റൈറ്റ് ബാക്കായും ഫുൾബാക്കായും കളിക്കും. മുമ്പ് ചെന്നൈ സിറ്റി, പൂനെ സിറ്റി, നെരോക എഫ് സി എന്നിവർക്കു വേണ്ടിയൊക്കെ കളിച്ചിട്ടുണ്ട്.

ജസ്റ്റിൻ ജോർജ്;

കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ് സിയിൽ നിന്നാണ് ജസ്റ്റിൻ ഗോകുലം കേരള എഫ് സിയിലേക്ക് എത്തിയത്. കോട്ടയം സ്വദേശിയായ ജസ്റ്റിൻ കേരള പ്രീമിയർ ലീഗ്, ഡ്യൂറണ്ട് കപ്പ് എന്നീ ടൂർണമെന്റിൽ ഒക്കെ ഗോകുലം കേരള എഫ് സിയെ പ്രതിനിധീകരിച്ചിട്ടുണ്ട്. സെന്റർ ബാക്കാണ്.

മുഹമ്മദ് ഇർഷാദ്;
മലപ്പുറം തിരൂർ സ്വദേശിയാണ് ഇർഷാദ്. അവസാന രണ്ടു സീസണുകളിലും ഗോകുലം കേരള എഫ് സിക്ക് ഒപ്പം ഉണ്ടായിരുന്നു. തുടക്കത്തിൽ മിഡ്ഫീൽഡറായാണ് കളിച്ചത് എങ്കിലും പിന്നീട് ഗോകുലത്തിന്റെ സ്ഥിരം ലെഫ്റ്റ് ബാക്ക് ആയി. ഗോകുലത്തിന്റെ ഇപ്പോഴത്തെ വൈസ് ക്യാപ്റ്റനാണ് ഇർഷാദ്. ബംഗ്ലാദേശിൽ നടന്ന ഷെയ്ക് കമാൽ ട്രോഫിയിൽ ഗോകുലത്തിന്റെ ക്യാപ്റ്റനായിരുന്നു ഇർഷാദ്.

ആൻഡ്രെ എറ്റിയെനെ;
കഴിന്ന്ന്ന സീസണിൽ ആണ് ആൻഡ്രെ ഗോകുലം കേരള എഫ് സിയിൽ എത്തുന്നത്. ട്രിനിഡാഡ് ടൊബാഗോ സ്വദേശിയാണ്. ഗോകുലത്തിൽ എത്തിയത് മുതൽ ടീമിന്റെ പ്രധാന സെന്റർ ബാക്കാണ് ആൻഡ്രെ.


നവോച സിംഗ്;
നെരോക എഫ് സിയുടെ താരനായിരുന്നു നവോച. വിങ് ബാക്കായാണ് കളിക്കാറ്. അറ്റാകിംഗ് മനോഭാവമുള്ള താരം ക്രോസിംഗിൽ മികവ് ഉള്ള ആളാണ്. മണിപ്പൂർ സ്വദേശിയാണ്.


ധർമരാജ് രാവണൻ;

റിയൽ കാശ്മീരിൽ നിന്നാണ് ധർമരാജ് രാവണൻ ഗോകുലം കേരള എഫ് സിയിൽ എത്തിയത്. കഴിഞ്ഞ ഐ ലീഗ് സീസൺ മുഴുവനായും റിയൽ കാശ്മീരിനൊപ്പം താരം ഉണ്ടായിരുന്നു. തമിഴ്നാട് സ്വദേശിയാണ്.ഡെമ്പോ, മോഹൻ ബഗാൻ, ചർച്ചിൽ ബ്രദേഴ്സ്, പൂനെ സിറ്റി, ചെന്നൈ സിറ്റി എന്നിവർക്കു വേണ്ടിയെല്ലാം മുമ്പ് കളിച്ചിട്ടുണ്ട്.

മൊഹമ്മദ് സലാ;

മലപ്പുറം തിരൂർ സ്വദേശിയാണ് മൊഹമ്മദ് സലാ. ലെഫ്റ്റ് ബാക്കായാണ് കളിക്കുന്നത്. ഇടതു വിങ്ങറായും കളിക്കാനുള്ള കഴിവുണ്ട്. മുമ്പ് സാറ്റ് തിരൂരിന്റെ താരമായിരുന്നു. അവസാന സീസണുകളിൽ ഗോകുലം കേരള എഫ് സിക്ക് ഒപ്പം ഉണ്ടായിരുന്നു.


അശോക് സിംഗ്;

അശോക് സിംഗ് മണിപ്പൂർ സ്വദേശിയാണ്. വിങ്ബാക്കായാണ് കളിക്കുന്നത്‌ നെരോക എഫ് സിയിൽ നിന്നാണ് അശോക് ഗോകുലം കേരള എഫ് സിയിൽ എത്തിയത്. മികച്ച ക്രോസുകൾ നൽകാൻ കഴിയുള്ള താരമാണ്.


ഹാറൂൺ അമിരി;
അഫ്ഗാനിസ്താൻ താരമായ ഹാറൂൺ സെന്റർ ബാക്ക് ആയും ഡിഫൻസീവ് മിഡ്ഫീൽഡറായും കളിക്കാൻ കഴിവുള്ള താരമാണ്. ഐ ലീഗിൽ നിറയെ പരിചയസമ്പത്തുള്ള താരമാണ് ഹാറൂൻ. മോഹൻ ബഗാൻ, ചെന്നൈ സിറ്റി, ഡെമ്പോ ഗോവ, ഡി എസ് കെ എന്നിവർക്ക് ഒക്കെ വേണ്ടി ഹാറൂൻ കളിച്ചിട്ടുണ്ട്. മുമ്പ് അഫ്ഗാൻ ദേശീയ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. എഫ് സി ഗോവയ്ക്ക് വേണ്ടി ഐ എസ് എലും കളിച്ചിട്ടുണ്ട്.

മിഡ്ഫീൽഡ്;

ശിബിൽ മുഹമ്മദ്;
മലപ്പുറം സ്വദേശിയായ ശിബിൽ മുഹമ്മദ് ടീമിലെ മികച്ച വെർസറ്റൈൽ താരങ്ങളിൽ ഒന്നാണ്. ലെഫ്റ്റ് ബാക്ക്, ലെഫ്റ്റ് വിങ്ങർ, മിഡ്ഫീൽഡ് എന്നിവിടങ്ങളിൽ ഒക്കെ കളിക്കാൻ കഴിവുള്ള താരമാണ് ശിബിൽ. അവസാന മൂന്നു സീസണിലും ശിബിൽ ഗോകുലത്തോടൊപ്പം ഉണ്ടായിരുന്നു. ഗോകുലത്തിന്റെ അണ്ടർ 18 ടീമിനും റിസേർവ് ടീമിനും വേണ്ടി കളിച്ചിട്ടുണ്ട്. കഴിഞ്ഞ കേരള പ്രീമിയർ ലീഗിൽ ശിബിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

മൊഹമ്മദ് റാഷിദ്;

ഗോകുലം കേരള എഫ് സിയുടെ തുടക്കം മുതൽ ടീമിനൊപ്പം ഉള്ള താരമാണ് റാഷിദ്. കഴിഞ്ഞ സീസണിൽ ഗോകുലം കേരള എഫ് സിക്കായി നിരവധി ഐലീഗ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. വയനാട് സ്വദേശിയാണ് റാഷിദ്. മിഡ്ഫീൽഡിൽ ടാക്കിളുകൾ വിജയിക്കുന്നതിലും നല്ല ത്രൂ പാസ് കൊടുക്കുന്നതിലും മികവുള്ള താരമാണ്. ഡ്യൂറണ്ട് കപ്പ് വിജയത്തിലും, ബംഗ്ലാദേശിൽ നടന്ന ഷെയ്ക് കപ്പിലും റാഷിദിനും നല്ല പങ്കുണ്ടായിരുന്നു.


മായക്കണ്ണൻ;
തമിഴ്‌നാട് സ്വദേശിയായ മായക്കണ്ണൻ അവസാന രണ്ടി സീസണുകളിലായി ഗോകുലം കേരള എഫ് സിക്ക് ഒപ്പം ഉണ്ട്. കഴിഞ്ഞ കേരള പ്രീമിയർ ലീഗിൽ ഫൈനൽ വരെ എത്തിയ ഗോകുലം റിസേർവ് ടീമിന്റെ മിഡ്ഫീൽഡിലെ പ്രധാനിയായിരുന്നു.


യാമ്പോഉ മൊയിറങ്;

മണിപ്പൂർ സ്വേദേശിയാണ് മൊയിറങ്. ഇപ്പോൾ ഹൈദരബാദ് എഫ് സിയിൽ നിന്ന് ലോണടിസ്ഥാനത്തിലാണ് താരം ഗോകുലം കേരള എഫ് സിയിൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ സീസണിലും മൊയിറങ്ങ് ഗോകുലത്തിനൊപ്പം ഉണ്ടായിരുന്നു.


സൽമാൻ കെ;

ഗോകുലം കേരള എഫ് സിയിലെ പ്രധാന താരങ്ങളിൽ ഒരാളാണ് സൽമാൻ. മലപ്പുറം തിരൂർ സ്വദേശിയാണ്. അവസാന മൂന്ന് സീസണുകളിലും സൽമാൻ മലബാറിയൻസിനൊപ്പം ഉണ്ട്. ഐലീഗിൽ കഴിഞ്ഞ സീസണിൽ ഗോകുലം ടീമിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു സൽമാൻ. മൂന്ന് മാസക്കാലമായി പരിക്കേറ്റ് പുറത്തായിരുന്നു സൽമാൻ.

നഥാനിയേൽ ഗാർസിയ;
ട്രിനിഡാഡ് ആൻഡ് ടൊബാഗോ താരമായ നതാനിയേൽ ഈ സീസൺ തുടക്കത്തിലാണ് ഗോകുകത്തിൽ എത്തിയത്. ചെറിയ കാലയളവിൽ തന്നെ തന്റെ വരവറിയിക്കാൻ ഗാർസിയക്ക് ആയിട്ടുണ്ട്. അറ്റാക്കിങ് മിഡ്ഫീൽഡറായും വിങ്ങറായും കളിക്കാൻ കഴിവുണ്ട്. മികച്ച ഫ്രീകിക്കുകൾ എടുക്കാനും ഗാർസിക്കാകും. ഷെയ്ക് കമാൽ കപ്പിൽ രണ്ട് മത്സരങ്ങളിൽ മാൻ ഓഫ് ദി മാച്ച് ആയിരുന്ന്ഹ് ഗാർസിയ.


ജിതിൻ എം എസ്;

കേരള ബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്ന ജിതിൻ കഴിഞ്ഞ ആഴ്ചയാണ് ഗോകുലം കേരള എഫ് സിയിൽ എത്തിയത്. രണ്ട് വർഷം മുമ്പ് സന്തോഷ് ട്രോഫിയിൽ കേരളത്തെ ചാമ്പ്യന്മാരാക്കിയ താരമാണ് ജിതിൻ. അന്ന് സന്തോഷ് ട്രോഫി ടൂർണമെന്റിലെ ടോപ്പ് സ്കോറർ ആയിരുന്നു താരം. ഈ വർഷവും സന്തോഷ് ട്രോഫി ടീമിൽ ജിതിൻ എം എസ് ഉണ്ട്. കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ്, എഫ് സി കേരള, ഓസോൺ എഫ് സി എന്നീ ടീമുകൾക്ക് വേണ്ടി മുമ്പ് ജിതിൻ കളിച്ചിട്ടുണ്ട്.

നിക്കോളസ് ഫെർണാണ്ടസ്;

ഗോവൻ സ്വദേശിയായ നിക്കോളാസ് ഫെർണാണ്ടസ് വിങ്ങറാണ്. ഐലീഗിൽ മുമ്പ് ചർച്ചിൽ ബ്രദേഴ്സിനായി കളിച്ച താരമാണ്.

ഫോർവേഡ്സ്;

മാർക്കസ് ജോസഫ്;
കഴിഞ്ഞ സീസണിൽ ഗോകുലത്തിന്റെ ഏറ്റവും വലിയ സന്തോഷമായിരുന്നു മാർക്കസ് ജോസഫ്. സീസൺ പകുതിക്ക് ശേഷം ഗോകുലത്തിൽ എത്തിയ മാർക്കസ് ക്ലബിന് പുതുജീവൻ നൽകുകയായിരുന്നു. ഇപ്പോൾ ക്ലബിന്റെ ക്യാപ്റ്റൻ കൂടിയായ മാർക്കസ് ജോസഫ് ഐലീഗിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒന്നാണ്. കഴിഞ്ഞ സീസണിൽ 9 മത്സരങ്ങൾ കളിച്ച മാർക്കസ് 7 ഗോളുകൾ നേടിയിരുന്നു. ഡ്യൂറണ്ട് കപ്പ് ഗോകുലം നേടിയപ്പോൾ ആ ടൂർണമെന്റിലെ ടോപ്പ് സ്കോററും മാർക്കസ് ആയിരുന്നു.

ഹെൻറി കിസേക;
ഗോകുലം കേരള എഫ് സിയുടെ ആദ്യ സീസണിലെ ഹീറോ ആയിരുന്നു ഹെൻറി കിസേക. ഒരു സീസൺ കൊൽക്കത്തയിൽ ചിലവഴിച്ച ശേഷം വീണ്ടും ഗോകുലത്തിൽ തിരിച്ചെത്തിയിരിക്കുകയാണ് താരം. ഡ്യൂറണ്ട് കപ്പിൽ ഹെൻറി കിസേകയും മാർക്കസും തമ്മിലുള്ള കൂട്ടുകെട്ട് തന്നെ ആയിരുന്നു ടീമിന് കരുത്തായത്. ഈ ഐലീഗ് സീസണിലെ ഏറ്റവും മികച്ച അറ്റാക്കിംഗ് കൂട്ടുകെട്ടും ഇരുവരുമാകും.


ലാൽറൊമാവിയ;
സെക്കൻഡ് ഡിവിഷൻ ക്ലബായ ചിങ വെങ എഫ് സിയിൽ നിന്നാണ് ലാൽറൊമാവിയ ഗോകുലത്തിൽ എത്തുന്നത്. അറ്റാക്കറായും വിങ്ങറായും കളിക്കുന്ന താരമാണ്.


രാഹുൽ കെ പി;
കാസർഗോദ് സ്വദേശിയായ രാഹുൽ കെപി സന്തോഷ് ട്രോഫിയിൽ തിളങ്ങി കൊണ്ടാണ് ഫുട്ബോൾ പ്രേമികളുടെ ശ്രദ്ധ ആദ്യം പിടിച്ചുപറ്റിയത്. 2018 സന്തോഷ് ട്രോഫിയിൽ ജിതിൻ എം എസിനൊപ്പം ടോപ്പ് സ്കോറർ ആയിരുന്നു രാഹുലും.


ക്ഷെത്രിമയും മീതെ
മാലെം മീതെ ഐലീഗ് ഫുട്ബോൾ പ്രേമികൾക്ക് പരിചിതനാണ്. നെരോക എഫ് സിക്കു വേണ്ടി ഐലീഗിൽ മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുള്ള താരമാണ്. വിങ്ങുകളിൽ ആണ് മാലെം കളിക്കാറുള്ളത്. മികച്ച ക്രോസുകൾ നൽകുന്നതിൽ വിദഗ്ദനാണ്.