
കേരളം ഫുട്ബേള്‍ ഭ്രാന്തന്മാരുടെ നാടാണ്. ആ ഭ്രാന്തന്മാരെ കളിച്ച് തൃപ്തിപ്പെടുത്താന്‍ വളരെ പ്രയാസമാണ്. ഒരു രാജ്യത്തോട് ഒറ്റക്ക് പോരാടി വിജയിക്കുന്നതിന് തുല്യമാണ് ആ തൃപ്തിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം ഗോകുലം കേരള എഫ്.സിയും ചെന്നൈ സിറ്റിയും തമ്മിലുള്ള മത്സരത്തില്‍ ആരാണ് കളിച്ചെതെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുളളു; ഗോകുലത്തിന്റ പതിനൊന്നാം നമ്പര്‍ താരം ഖാലീദ് അല്സാലെഹ്. അതുതന്നെയാണ് സത്യം. ഇരുപത്തൊമ്പതുകാരനായ അല്സാലെഹ് സിറിയയില്‍ നിന്നുള്ള മധ്യനിര താരമാണ്.
കളി തുടങ്ങാനിരിക്കേ മൈതാനത്തിന്റെ മധ്യത്തിലായി, തടിച്ച് വെളുത്ത് ആറടി രണ്ടിഞ്ച് ഉയരത്തില്‍ അല്സാലെഹ് നീണ്ട് നിവര്‍ന്ന് നില്ക്കുന്നു. ഒറ്റനോട്ടത്തില്‍ ഇവനൊക്കെ കളിക്കാന്‍ സാധിക്കുമോ എന്ന ചോദ്യം ഉയര്‍ന്നേക്കാം.
കളി തുടങ്ങാനുളള വിസിലടിച്ചതും ചെറിയ ചെറിയ പാസുകള്‍ കൊണ്ട് അല്സാലെഹ് കളി തുടങ്ങി. അഞ്ച് മിനുട്ട് കഴിഞ്ഞതും അല്സാലെയുടെ തനിസ്വരൂപം കാണികള്‍ കണ്ടു. മധ്യനിരയില്‍ കളിമെനയുകയും, കിറുകൃത്യമായ പാസുകള്‍ കൊണ്ടും സെറ്റ്പീസു കൊണ്ടും മധ്യനിരയുടെ ആധിപത്യം അല്സാരെ ഏറ്റെടുത്തു. തല്‍ഫലമായി ചെന്നൈ മുഖത്ത് നിരന്തരം അറ്റാക്കിങ് നടന്നു. ആ ഷോക്കില്‍ 21ാം മിനുട്ടില്‍ കാമോ സ്റ്റീഫന്‍ ബായയുടെ ഗോളിലൂടെ ഗോകുലം മുന്നിലെത്തി.
ആ ഗോളിന് ആറു മിനുട്ടിന്റെ ആയുസേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ തോറ്റു കൊടുക്കാന്‍ അല്സാലെഹ് ഒരുക്കമല്ലായിരുന്നു. രണ്ടാം പകുതിയില്‍ ഇരു ടീമുകളും വിരസമായി തുടങ്ങി. പലപ്പോഴും ഗോകുലത്തിന്റെ അറ്റാക്കിങ് അല്സാലെയിലേക്ക് മാത്രമായൊതുങ്ങി. അല്സാലെഹ് ഒറ്റപ്പെട്ട നീക്കങ്ങള്‍ നടത്തി സഹതാരങ്ങള്‍ക്ക് ഗോളിന് വഴുയൊരുക്കിയെങ്കിലും അവസരങ്ങള്‍ നഷ്ടപ്പെടുത്താനാണ് സുഹൃത്തുക്കള്‍ മത്സരിച്ചത്്. ഒരേസമയം അറ്റാക്കിങിനും പ്രതിരോധത്തിനും ഒരുപോലെ ചുക്കാന്‍ പിടിച്ച അല്സാലെഹ് മൈതാനത്ത് നിറഞ്ഞുനിന്നു. അല്സാരയെ പിടിച്ചുകെട്ടാന്‍ ചെന്നൈ പ്രതിരോധം തീര്‍ത്തും വിയര്‍ക്കേണ്ടി വന്നു.
കളിയുടെ അവസാന വിസില്‍ മുഴങ്ങുമ്പേള്‍ അല്സാലെഹ് തൃപ്തനായിരുന്നു. എന്നാല്‍ ടീമിനെ വിജയിപ്പിക്കാന്‍ സാധിക്കാത്തതിന്റെ ഒരു വിഷമവും അയാളുടെ മുഖത്തുണ്ടായിരുന്നു. അടുത്ത മത്സരത്തില്‍ ഗോകുലം എഫ്സിക്ക് വിജയം ആശംസിക്കാം
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial