സ്വപ്നം സത്യമാക്കി ഗോകുലം കേരള!! കേരളത്തിലേക്ക് ആദ്യമായി ഐ ലീഗ് കിരീടം എത്തിച്ച് നമ്മുടെ സ്വന്തം മലബാറിയൻസ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് അവസാനം. നാടകീയമായ അവസാന ദിവസത്തിന് ഒടുവിൽ ഗോകുലം കേരള ഐ ലീഗ് ചാമ്പ്യന്മാരായി. ആദ്യ പകുതിയിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം പൊരുതി കയറി 4-1ന് വിജയിച്ചാണ് ഗോകുലം കേരള കിരീടത്തിൽ ഉമ്മ വെച്ചത്. ലീഗിലെ അവസാന മത്സരത്തിൽ ട്രാവുവിനെ നേരിട്ട ഗോകുലത്തിന് വിജയിച്ചാൽ മാത്രമേ കിരീടം ഉറപ്പാവുമായിരുന്നു. ട്രാവുവും ചർച്ചിലും ഗോകുലവും 26 പോയിന്റുമായായിരുന്നു ഇന്ന് കളി ആരംഭിച്ചത്. എന്നിട്ടും സമ്മർദ്ദങ്ങളിൽ വീഴാതെ അന്നെസിന്റെ ടീം കിരീടം മലയാള നാടിനായി ഉയർത്തി.

ഇന്ന് ആദ്യ പകുതിയിൽ കളിച്ചു എങ്കിലും ട്രാവുവിന്റെ മികച്ച ഡിഫൻസിനെ ഭേദിക്കുക പ്രയാസകരമായി. ഫൈനൽ തേർഡിൽ കാര്യമായി നല്ല പാസുകൾ നടത്താൻ ആദ്യ പകുതിയിൽ ഗോകുലത്തിനായില്ല. എന്നാൽ തങ്ങളുടെ ആദ്യ അറ്റാക്കിൽ തന്നെ ഗോൾ കണ്ടെത്താൻ ട്രാവുവിനായി. 23ആം മിനുട്ടിൽ ബിദ്യാസാഗർ ആണ് ട്രാവുവിനെ മുന്നിലെത്തിച്ചത്. പെനാൾട്ടി ബോക്സിന് തൊട്ടു വെളിയിൽ നിന്ന് ഒരു നല്ല പ്ലേസി ഷോട്ടിലൂടെ ബിദ്യാസാഗർ ഗോകുലം കേരള കീപ്പർ ഉബൈദിനെ മറികടന്നു. ബിദ്യാസാഗറിന്റെ സീസണിലെ 12ആം ഗോളായിരുന്നു ഇത്‌. ഇതിനു ശേഷം കളിയിലേക്ക് തിരികെ വരാൻ ഗോകുലം കേരള ശ്രമിച്ചു എങ്കിലും ഒരു നല്ല അവസരം വരെ ഗോകുലത്തിന് ലഭിച്ചില്ല.

രണ്ടാം പകുതിയിൽ ഗോകുലം കേരള ആക്രമിച്ചു തന്നെ കളിച്ചു. നിരവധി അവസരങ്ങളും ഗോകുലം സൃഷ്ടിച്ചു. ആന്റ്വിയുടെയും എമിൽ ബെന്നിയുടെയും ഒക്കെ ശ്രമങ്ങൾ ഗോളിന് അടുത്ത് കൂടെ പോയി. 70ആം മിനുട്ടിൽ പെനാൾട്ടി ബോക്സിന്റെ എഡ്ജിൽ നിന്ന് ലഭിച്ച ഫ്രീകിക്ക് മനോഹരമായി വലയിൽ എത്തിച്ചു കൊണ്ട് ഷെരീഫ് മുഹമ്മദ് ഗോകുലത്തിന് സമനില നൽകി.

വീണ്ടും വിജയത്തിനായി പൊരുതിയ ഗോകുലം കേരള 74ആം മിനുട്ടിൽ എമിൽ ബെന്നിയിലൂടെ ലീഡും എടുത്തു. കേരളത്തിന്റെ മുഴുവൻ ഫുട്ബോൾ പ്രേമികളെയും ഏഴാം സ്വർഗ്ഗത്തിൽ എത്തിച്ച നിമിഷമായിരുന്നു വയനാടുകാരൻ എമിൽ ബെന്നി നൽകിയത്. ഗോകുലം കേരള ആ ഒരു ഗോൾ ലീഡിൽ ഡിഫൻഡ് ചെയ്ത് ഇരുന്നില്ല. 77ആം മിനുട്ടിൽ വീണ്ടും ഗോകുലം ട്രാവു ഡിഫൻസ് ഭേദിച്ചു. അന്റ്വിയിലൂടെ മൂന്നാം ഗോൾ. ആന്റ്വിയുടെ സീസണിലെ പതിനൊന്നാം ഗോളായിരുന്നു ഇത്.

ഇഞ്ച്വറിൽ ടൈമിൽ ചുവപ്പ് കാർഡ് കണ്ട് ഗോകുലം കേരള താരം ബരെറ്റോ പുറത്ത് പോയി. എങ്കിലും ഗോകുലം പതറിയില്ല. ഫൈനൽ വിസിൽ വരെ ആധിപത്യം പുലർത്തി കൊണ്ട് ഗോകുലം കേരളയുടെ പോരാളികൾ ഐ ലീഗ് കിരീടം കേരളത്തിലേക്ക് എത്തുമെന്ന് ഉറപ്പിച്ചു. 96ആം മിനുട്ടിൽ റാഷിദിലൂടെ ഗോകുലം കേരള നാലാം ഗോളും നേടി. ചരിത്രത്തിൽ ആദ്യമായി ഐ ലീഗ് കിരീടം നേടുന്ന കേരള ക്ലബായി ഗോകുലം കേരള മാറി. 15 മത്സരങ്ങളിൽ നിന്ന് 29 പോയിന്റുമായാണ് കേരളത്തിന്റെ ടീം ഒന്നാമത് ഫിനിഷ് ചെയ്തത്. ഇന്ന് പഞ്ചാബിനെ തോൽപ്പിച്ച ചർച്ചിലിനു 29 പോയിന്റ് ഉണ്ട് എങ്കിലും ഹെഡ് ടു ഹെഡ് മികവിലാണ് ഗോകുലം കേരള കിരീടം നേടിയത്. ഈ വിജയം ഗോകുലത്തിന് എ എഫ് സി കപ്പ് യോഗ്യതയും നേടിക്കൊടുക്കും. കേരളത്തിൽ നിന്ന് രു ക്ലബ് ആദ്യമായാകും എ എഫ് സി കപ്പ് കളിക്കുന്നത്.