മൂന്നരക്കോടി പ്രതീക്ഷകളുമായി ഗോകുലം ഇന്ന് ഇറങ്ങുന്നു

- Advertisement -

കേരളത്തിലെ മൂന്നരക്കോടി മലയാളികളുടെ പ്രതീക്ഷകളുമായി ഗോകുലം കേരള എഫ്‌സി ഇന്ന് ഐ ലീഗിൽ തങ്ങളുടെ ആദ്യ പോരാട്ടത്തിന് ഇറങ്ങുന്നു. മേഘാലയിൽ ഷില്ലങ് ലജോങ് എഫ്‌സിയെ ആണ് ഗോകുലം തങ്ങളുടെ ആദ്യത്തെ ഐ ലീഗ് പോരാട്ടത്തിൽ നേരിടുന്നത്. വിവ കേരളക്ക് ശേഷം ആദ്യമായാണ് കേരളത്തിൽ നിന്നും ഒരു ടീം ഇന്ത്യയിലെ ഒന്നാം നമ്പർ ഡിവിഷൻ ഫുട്ബാൾ കളിക്കുന്നത്.

പ്രീ സീസണിൽ കാഴ്ച വെച്ച മികച്ച പ്രകടനം തങ്ങളുടെ ആദ്യ ഐ ലീഗ് പോരാട്ടത്തിലും കാഴ്ച വെക്കാം എന്ന പ്രതീക്ഷയിൽ ആണ് ഗോകുലം കേരള എഫ്‌സി. ശക്തരായ ബെംഗളൂരു എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ് എന്നിവർക്കെതിരെ മികച്ച പ്രകടനമാണ് ഐ ലീഗിലെ നവാഗതർ പുറത്തെടുത്തത്.

കോച് ബിനോ ജോർജിന്റെ അറ്റാക്കിങ് ടാക്ടിക്‌സും ഐസോൾ എഫ്‌സി, മോഹൻ ബഗാൻ തുടങ്ങിയ ക്ലബുകൾക്ക് വേണ്ടിയും കളിച്ച കാമോയും കൂടെ ചേരുമ്പോൾ ഗോകുലം എഫ്സിയുടെ ആക്രമണത്തിന് മൂർച്ചയേറും. ക്യാപ്റ്റൻ സുശാന്ത് മാത്യുവിനെ കൂടാതെ ഉസ്മാൻ ആഷിക് ആയിരിക്കും ടീമിലെ മറ്റൊരു മലയാളി സാന്നിദ്ധ്യം. വൈസ് ക്യാപ്റ്റൻ ഇര്ശാദിനെ നേവി തിരികെ വിളിച്ചതിനാൽ 2 ആഴ്ചത്തേക്ക് ഇര്ശാദിന്റെ സേവനം ടീമിന് ലഭ്യമായിരിക്കില്ല.

കഴിഞ്ഞ വർഷത്തെ അഞ്ചാം സ്ഥാനക്കാരാണ് ഷില്ലോങ് ലജോങ്. കഴിഞ്ഞ വർഷത്തെ ടോപ്പ് ഗോൾ സ്‌കോറർ ആയ ഡിപാന്തയെ മോഹൻ ബഗാൻ കൊണ്ടുപോയി എങ്കിലും കോച്ച് ബോബി നോങ്ബെറ്റ് മികച്ച പ്രതീക്ഷയിൽ ആണ്.

ഇന്ന് ഇന്ത്യൻ സമയം രാത്രി എട്ടിന് ഷില്ലോങിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പന്തുരുളുമ്പോൾ കേരളത്തിലെ ഫുട്ബാൾ പ്രേമികൾ, ഫുട്ബാൾ സീസണിലെ ആദ്യ വിജയം കേരള ബ്ലാസ്റ്റേഴ്‌സ് കനിഞ്ഞില്ലെങ്കിലും ഐ ലീഗിൽ ഗോകുലം കേരള എഫ്‌സിയിലൂടെ സാധിക്കുമെന്ന പ്രതീക്ഷയിൽ ആണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement