മോഹൻ ബഗാനെ അട്ടിമറിച്ച് ഗോകുലം കേരള

ഐ ലീഗിൽ അവസാന സ്ഥാനത്തായിരുന്ന ഗോകുലം കേരള എഫ്.സി മോഹൻ ബഗാനെ അട്ടിമറിച്ചു. 2-1 നാണ് കൊൽക്കത്ത ഭീമന്മാരായ മോഹൻ ബഗാനെ ഗോകുലം അട്ടിമറിച്ചത്. അലജ്മിയും ഹെൻറി കിസെക്കയുമാണ് ഗോകുലത്തിനു വേണ്ടി ഗോളുകൾ നേടിയത്.  ദിപാണ്ഡ ഡിക്ക മോഹൻ ബഗാനിന്റെ ഏക ഗോൾ നേടി.

മത്സരത്തിന്റെ തുടക്കം മുതൽ മികച്ച പ്രകടനമാണ് ഗോകുലം കാഴ്ചവെച്ചത്. അലജ്മിയും അഡോയും തുടക്കത്തിൽ തന്നെ ഗോൾ നേടാൻ ശ്രമങ്ങൾ നടത്തിയെങ്കിലും ലക്‌ഷ്യം കാണാതെ പോവുകയായിരുന്നു. ആദ്യ പകുതി അവസാനിക്കുമ്പോൾ മത്സരം ഗോൾ രഹിത സമനിലയിലായിരുന്നു. ഗോകുലം ഗോൾ കീപ്പർ ബിലാൽ ഖാന്റെ മികച്ച പ്രകടനമാണ് ബഗാന് ആദ്യ പകുതിയിൽ ഗോൾ നിഷേധിച്ചത്.

രണ്ടാം പകുതിയിൽ അക്രമിലൂടെ ബഗാൻ ഗോളിനടുത്ത് എത്തിയെങ്കിലും മികച്ച രക്ഷപെടുത്തലുകളുമായി ബിലാൽ ഖാൻ വീണ്ടും ഗോകുലത്തിന്റെ രക്ഷക്കെത്തി.  തുടർന്നാണ് മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. അഡോയുടെ പാസ് മനോഹരമായി വരുതിയിലാക്കിയ ഹെൻറി കിസെക്ക പെനാൽറ്റി ബോക്സിലേക്ക് ഓടി വന്ന അലജ്മിക്ക് പാസ് ചെയ്യുകയായിരുന്നു. പാസ് മനോഹരമായി വരുതിയിലാക്കിയ അലജ്മി ബഗാൻ ഗോൾ കീപ്പർക്ക് ഒരു അവസരം നൽകാതെ വല കുലുക്കി.

എന്നാൽ ഗോകുലത്തിന്റെ ലീഡിന് അധികം ആയുസ്സുണ്ടായിരുന്നില്ല. തൊട്ടടുത്ത മിനുട്ടിൽ തന്നെ ഡിക്കയിലൂടെ ബഗാൻ സമനില പിടിച്ചു. ബിമലിന്റെ ഹെഡറിൽ നിന്നാണ് ഡിക്ക ഗോൾ നേടിയത്.  മത്സരം സമനിലയിലേക്ക് കടക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ഗോകുലം വിജയ ഗോൾ നേടിയത്.  മുസയുടെ പാസ് സ്വീകരിച്ച ഹെൻറി കിസെക്ക മികച്ചൊരു ഷോട്ടിലൂടെ ബഗാൻ ഗോൾ കീപ്പർ ഷിൽട്ടൻ പോളിനെ മറികടക്കുയായിരുന്നു. തുടർന്ന് 8 മിനുട്ടോളം നീണ്ട ഇഞ്ചുറി ടൈം അതിജീവിച്ചാണ് ഗോകുലം വിലപ്പെട്ട 3 പോയിന്റ് സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial