ഗോകുലത്തിന് തിരിച്ചടി, ഐ ലീഗിലെ പുതിയ ക്ലബിനുള്ള എല്ലാ അപേക്ഷയും നിരസിച്ചു

- Advertisement -

കേരളത്തിന്റെ ഐ ലീഗ് പ്രതീക്ഷകൾക്ക് തിരിച്ചടി. ഗോകുലം ഉൾപ്പെടെ ഐ ലീഗിനായി അപേക്ഷ സമർപ്പിച്ച എല്ലാ ക്ലബുകളുടേയും അപേക്ഷ ഇന്ന് ചേർന്ന ഐ ലീഗ് കമ്മിറ്റി നിരസിച്ചു. അപേക്ഷ കൊടുത്ത ഒരു ക്ലബും ഐ ലീഗ് ക്ലബിന് വേണ്ട അടിസ്ഥാന കാര്യങ്ങൾ ഒരുക്കിയില്ല എന്ന കാരണം കാണിച്ചാണ് എല്ലാ അപേക്ഷകളും തള്ളാൻ ഐ ലീഗ് കമ്മിറ്റി തീരുമാനിച്ചത്.

 

രണ്ടു പുതിയ ഐ ലീഗ് ക്ലബുകളുടെ കാര്യത്തിൽ തീരുമാനം എടുക്കാൻ വീണ്ടും ബിഡ് ക്ഷണിക്കാനാണ് കമ്മിറ്റിയുടെ തീരുമാനം. പത്തു ദിവസമാണ് ടീമുകൾക്ക് അപേക്ഷ നൽകാൻ കമ്മിറ്റി കൊടുത്തിരിക്കുന്നത്. സെപ്റ്റംബർ രണ്ടാം വാരം ആ ബിഡുകളിൽ തീരുമാനവും എടുക്കും. ഗോകുലം അടക്കമുള്ള ക്ലബുകൾക്ക് ഒരിക്കൽ കൂടെ ഐ ലീഗിനായി അപേക്ഷ സമർപ്പിക്കാം. കേരളത്തിന്റെ ഗോകുലം കർണാടയുടെ ഓസോൺ, രാജസ്ഥാനിലെ ക്രൗൺ സ്പോർട്സ് എന്നീ ക്ലബുകൾ ആയിരുന്നു ഐ ലീഗിന് അപേക്ഷ കൊടുത്തത്.

കേരളത്തിന്റെ ഐ ലീഗ് പ്രതീക്ഷകൾ വീണ്ടും നീണ്ടു പോവുകയാണ്. വിവാ കേരളയ്ക്കു ശേഷം ഒരു ഐ ലീഗ് ക്ലബ് കേരളത്തിന് ലഭിക്കുകയാണ് എന്ന് കേരളത്തിലെ ഫുട്ബോൾ പ്രേമികൾ കരുതിയ സമയത്താണ് ഈ തിരിച്ചടി ഉണ്ടാകുന്നത്. അതേ സമയം ഇന്ത്യൻ യുവ താരങ്ങളെ ഉൾപ്പെടുത്തി പൈലാൻ ആരോസിനെ ഐ ലീഗിലേക്ക് തിരിച്ച് കൊണ്ടു വരാൻ എ ഐ എഫ് എഫ് പദ്ധതിയിടുന്നതായും വാർത്തകൾ വരുന്നുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement