സൂപ്പർ കപ്പിന് നേരിട്ട് യോഗ്യത ഇല്ല, എങ്കിലും തല ഉയർത്തി ഗോകുലം എഫ് സി

ആദ്യ ഐലീഗ് സീസൺ അവസാനിക്കുമ്പോൾ തല ഉയർത്തി തന്നെയാണ് ബിനൊ ജോർജ്ജും ഗോകുലം എഫ് സിയും മടങ്ങുന്നത്. ഇന്ന് നടന്ന അവസാന മത്സരത്തിൽ മോഹൻ ബഗാനെ നേരിടുമ്പോൾ വിജയം നിർബന്ധമായിരുന്നു ഗോകുലത്തിന്. ഒരു ജയം മാത്രമെ ഗോകുലത്തിന് സൂപ്പർ കപ്പിലേക്ക് നേരിട്ട് യോഗ്യത നേടികൊടുക്കുമായിരുന്നുള്ളൂ. ആ ജയം സ്വന്തമാക്കാൻ ആയില്ല എങ്കിലും ബഗാനെ ഒരിക്കൽ കൂടെ ജയത്തിൽ നിന്ന് തടയാൻ ഗോകുലത്തിനായി.

കിരീടം നേടാൻ വിജയം നിർബന്ധമായിരുന്ന മോഹൻ ബഗാൻ 26ആം മിനുട്ടിൽ ഡിപാന്ദ ഡികയിലൂടെ ലീഡെടുത്തു. പക്ഷെ പരാജയം സമ്മതിക്കാൻ ഗോകുലത്തിന് മനസ്സുണ്ടായിരുന്നില്ല. ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ ഗോകുലം സമനില പിടിച്ചു. ഹെൻറി ആണ് ഗോകുലത്തിന്റെ സമനില ഗോൾ നേടിയത്. ഹെൻറി കൊൽക്കത്തയിൽ വെച്ച് ബഗാനെ ഗോകുലം തോൽപ്പിച്ചപ്പോഴും ഗോൾ നേടിയിരുന്നു.

ഇന്നത്തെ സമനിലയോടെ 18 മത്സരങ്ങളിൽ നിന്നായി 21 പോയന്റുമായി ഏഴാം സ്ഥാനത്ത് ഗോകുലം സീസൺ അവസാനിപ്പിച്ചു. സൂപ്പർ കപ്പിൽ എത്തണമെങ്കിൽ ഗോകുലം എഫ് സി ഇനി യോഗ്യതാ മത്സരങ്ങൾ കളിക്കേണ്ടതായി വരും. ഏഴാം സ്ഥാനത്താണെങ്കിലും മികച്ച രണ്ടാം പകുതിയായിരുന്നു ഈ സീസണിൽ ഗോകുലത്തിന്. പരിക്കുകളെ മറികടന്ന് മികച്ച രീതിയിൽ കളിച്ച ഗോകുലം, ചാമ്പ്യന്മാരായ മിനേർവ പഞ്ചാബ്, ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ എന്നീ കൊമ്പന്മാരെ പരാജയപ്പെടുത്തിയിരുന്നു.

അർജുൻ ജയരാജ് പോലുള്ള യുവതാരങ്ങളുടെ വളർച്ചയും ഈ സീസണിൽ ഗോകുലം എഫ് സി ഫുട്ബോൾ ആരാധകർക്ക് കാണിച്ചു തന്നു. വരുന്ന സീസണിൽ ഗോകുലത്തിൽ നിന്ന് ഒരുപാട് ഫുട്ബോൾ ആരാധകർക്ക് പ്രതീക്ഷിക്കാം എന്ന ഉറപ്പ് ബിനോ ജോർജ്ജും സംഘവും നൽകുന്നുണ്ട് എന്ന് നിസ്സംശയം പറയാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമിനേർവ പഞ്ചാബ്, ഇനി ഇന്ത്യൻ ഫുട്ബോളിലെ രാജാക്കന്മാർ!!
Next articleമഴ, ആൾഗാർവ് ടൂർണമെന്റിൽ ഹോളണ്ടും സ്വീഡനും സംയുക്ത ചാമ്പ്യന്മാർ