ആരോസിനെ വീഴ്ത്തി, ഗോകുലത്തിന് ഐ ലീഗിൽ ചരിത്ര ജയം

- Advertisement -

കേരളത്തിന്റെ ഏക ഐ ലീഗ് ടീമായ ഗോകുലത്തിന് ഐ ലീഗ് ചരിത്രത്തിലെ ആദ്യ ജയം. ഇന്ന് ഡെൽഹിയിൽ ഇന്ത്യൻ ആരോസിനെ നേരിട്ട ബിനോ ജോർജ്ജിന്റെ ഗോകുലം തികച്ചും ഏകപക്ഷീയമായാണ് പരാജയപ്പെടുത്തിയത്‌. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഗോകുലം കേരള എഫ് സിയുടെ വിജയം.

മൂന്ന് മലയാളികളുമായി ഇറങ്ങിയ ഗോകുലത്തിന്റെ നിരയിൽ മികച്ച താരങ്ങൾ പലതും ഉണ്ടായിരുന്നില്ല. പരിക്ക് കാരണം കാമൊ അടക്കമുള്ള മികച്ച വിദേശ താരങ്ങൾ കളത്തിന് പുറത്തായി. ക്യാപ്റ്റൻ സുശാന്ത് മാത്യുവും ടീമിനൊപ്പം ഇന്ന് ഉണ്ടായിരുന്നില്ല. പക്ഷെ ഇന്ത്യയുടെ ഭാവി എന്ന് വിലയിരുത്തപ്പെടുന്ന ആരോസ് നിരയ്ക്കെതിരെ ബിനോ ജോർജ്ജിന്റെ തന്ത്രങ്ങൾ മാത്രം മതിയായിരുന്നു.

മത്സരം തുടങ്ങി 11ആം മിനുട്ടിൽ തന്നെ ഗോകുലം കളിയിൽ ലീഡെടുത്തു. ഖാലിദ് അൽസല എടുത്ത് കോർണറിൽ നിന്ന് ഡാനിയൽ അഡോയുടെ ഹെഡറാണ് ആരോസ് വല കുലുക്കിയത്. ലീഡെടുത്ത ഗോകുലം കളിയിലെ ആധിപത്യവും പിന്നീടങ്ങോട്ട് നിലനിർത്തി. ആദ്യ പകുതിയിൽ ആരോസിനെ മികച്ചൊരു അവസരം ഒരുക്കാൻ വരെ ഗോകുലം അനുവദിച്ചില്ല.

രണ്ടാം പകുതിയിൽ 65ആം മിനുട്ടിലാണ് ഗോകുലത്തിന്റെ രണ്ടാം ഗോൾ പിറന്നത്. ഇതുവരെ ഗോകുലത്തിന്റെ എല്ലാ മത്സരങ്ങളിലും മികച്ചു നിന്ന ഖാലിദ് അൽസലയാണ് ഗോകുലത്തിന്റെ രണ്ടാം ഗോൾ നേടിയത്. രണ്ടാം പകുതിയിൽ മലയാളി താരം കെപി രാഹുലിലൂടെ ആരോസ് ഗോളിന് അടുത്ത് എത്തി എങ്കിലും അഡോയുടെ മികച്ച ഡിഫൻഡിംഗ് രാഹുലിനെ തടയുക ആയിരുന്നു.

ജയത്തോടെ 4 മത്സരങ്ങളിൽ നിന്ന് നാലു പോയന്റുമായി ഗോകുലം ഏഴാം സ്ഥാനത്തേക്ക് മുന്നേറി. 27ആം തീയതി ഈസ്റ്റ് ബംഗാളിനെതിരെ ആണ് ഗോകുലത്തിന്റെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement