അരങ്ങേറ്റത്തിൽ ഗോകുലത്തിന് നിരാശ

- Advertisement -

ഐ ലീഗിലെ അരങ്ങേറ്റത്തിൽ ഗോകുലം എഫ് സിക്ക് നിരാശ. ഷില്ലോംഗ് ലജോംഗിനെ ലജോംഗിൽ നേരിട്ട ഗോകുലം അരങ്ങേറ്റക്കാരുടെ പരിഭ്രമം ഒന്നുമില്ലാതെ കളിച്ചെങ്കിലും അലൻ ഡിയോറിയുടെ 70ആം മിനുട്ടിലെ ഗോളിന് മുന്നിൽ പരാജയപ്പെടുക ആയിരുന്നു. ഗോകുലത്തിന്റെ മുന്നേറ്റ നിരയിൽ കളിച്ച എംബലെയോ കാമോയെ കിട്ടിയ അവസരങ്ങൾ മുതലാക്കിയിരുന്നു എങ്കിൽ കളി മാറി മറഞ്ഞേനെ.

സുശാന്ത് മാത്യുവിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ഗോകുലം തുടക്കം മുതൽ തന്നെ ഷിലോംഗ് ലജോംഗിന് ഒപ്പം തന്നെ നിന്നു. ഷില്ലോംഗ് പൊസഷൻ കൈവശം വെച്ച് കളിച്ചപ്പോൾ കൗണ്ടർ അറ്റാക്ക് തന്ത്രങ്ങളിലായിരുന്നു ഗോകുലത്തിന്റെ കളി. ആദ്യ പകുതിയിൽ ലഭിച്ച ഒരു കോർണറിൽ നിന്ന് മലയാളി താരം ഇർഷാദിന്റെ ഹെഡർ ഗോൾ ലൈനിൽ ക്ലിയർ ചെയ്തത് ആയിരുന്നു ആദ്യ പകുതിയിലെ ഏറ്റവും മികച്ച അവസരം.

രണ്ടാം പകുതിയിലും ഗോകുലത്തിന് മികച്ച അവസരം കിട്ടി. കാമോയും എംബലെയും ലജോംഗ് ഗോൽ മുഖത്ത് വൺ ഓൺ വൺ വന്നെങ്കിലും പന്ത് ഗോൾ വലയിൽ എത്തിയില്ല. കളി അവസാനിക്കാൻ 10 മിനുട്ടുകൾ മാത്രം ബാക്കിയുള്ളപ്പോൾ പിറന്ന ഗോളാണ് ഗോകുലത്തിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടി ആയത്.

ലജോംഗിന് ലഭിച്ച ഫ്രീകിക്ക് അലൻ ഡിയോറി ഗോൾ മുകത്തേക്ക് തിരിച്ചുവിട്ടപ്പോൾ ഗോൾ ലൈനിൽ ഉണ്ടായിരുന്ന ഗോകുലം ഡിഫൻഡർ ലക്റയ്ക്ക് രക്ഷപ്പെടുത്താനുള്ള സാവകാശം കിട്ടിയില്ല. ലക്റയുടെ തലയിൽ തട്ടി പന്ത് ഗോൾ പോസ്റ്റിലേക്ക് വീണു‌.

ഡിസംബർ നാലിന് ചെന്നൈ സിറ്റിക്കെതിരെ കോഴിക്കോട് വെച്ചാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement