മോഹൻ ബാഗാനോടും സമനില, വിജയിക്കാനാവാതെ ഗോകുലം കേരള എഫ്‌സി

ഗോകുലം കേരള എഫ്സിയുടെ വിജയത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണ്. ഇന്ന് നടന്ന മത്സരത്തിൽ കരുത്തരായ മോഹൻ ബഗാനോട് ഗോകുലം കേരള എഫ്‌സി സമനിലയിൽ പിരിയുകയായിരുന്നു. ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടി. 1-2 എന്ന സ്കോറിന് മുന്നിട്ടു നിന്ന ശേഷമായിരുന്നു ഗോകുലം സമനില വഴങ്ങിയത്. പക്ഷെ മോഹൻ ബാഗാനോട് ഇതുവരെ തോൽവി വഴങ്ങിയിട്ടില്ല എന്ന റെക്കോർഡ് കാത്തു സൂക്ഷിക്കാൻ ഗോകുലത്തിനായി.

മോഹൻ ബഗാന്റെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്. നിരന്തരം ഗോകുലം ഗോൾമുഖത്ത് എത്തിയ ബഗാൻ 18ആം മിനിറ്റിൽ തന്നെ ഗോൾ നേടി. സോണി നോർഡെയുടെ കോർണറിൽ ഷിൽട്ടൻ ദാസ് തലവെച്ചു പന്ത് ഗോകുലത്തിന്റെ വലയിൽ എത്തി. എന്നാൽ 21ആം മിനിറ്റിൽ തന്നെ സമനില ഗോൾ ഗോകുലം നേടി. ഗോകുലം താരത്തിന്റെ ക്രോസ് ക്ലിയർ ചെയ്യുന്നതിനിടെ കിംകിമയുടെ കാലിൽ തട്ടി പന്ത് സ്വന്തം വലയിൽ തന്നെ കയറി.

24ആം മിനിറ്റ്ലി തന്നെ ഗോകുലം കേരള എഫ്‌സി രണ്ടാം ഗോളും നേടി. ക്യാപ്റ്റൻ വിപി സുഹൈർ നടത്തിയ മുന്നേറ്റത്തിന് ഒടുവിൽ മർകസ് ജോസഫിന്റെ മികച്ച ഒരു ഫിനിഷ്. ആദ്യ പകുതിയിൽ 1-2 എന്നായിരുന്നു സ്‌കോർ നില.

രണ്ടാം പകുതിയിൽ 59ആം മിനിറ്റിൽ തന്നെ മോഹൻ ബഗാൻ സമനില ഗോൾ നേടി. മുൻ ഗോകുലം കേരള എഫ്‌സി താരം ഹെൻറി കിസെകയുടെ പാസിൽ നിന്നും ഡിപാന്ത ഡിക്കയുടെ ഗോൾ. സ്‌കോർ 2-2. സമനില വഴങ്ങിയതോടെ 14 മത്സരങ്ങളിൽ നിന്നും 12 പോയിന്റുമായി ഗോകുലം ഒൻപതാം സ്ഥാനത്ത് തുടരുകയാണ്.

Previous articleഹഡ്സൺ ഒഡോയിയെ വിട്ടു തരില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് ചെൽസി
Next articleവീണ്ടുമൊരു പോളിഷ് താരത്തെ സ്വന്തമാക്കാൻ ജെനോവ