ആദ്യ ജയം വന്നു!! ഹൃദയം കവർന്ന അറ്റാക്കിങ്ങ് പ്രകടനത്തിൽ ഗോകുലം ഷില്ലോങ്ങിനെ വീഴ്ത്തി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഗോകുലത്തിന് അവസാനം അവർ ആഗ്രഹിച്ച ആരാധകർ അർഹിച്ച ആദ്യ ജയം വന്നു. ഇന്ന് കോഴിക്കോടിൽ ഷില്ലോങ്ങ് ലജോങ്ങിനെ ഏകപക്ഷീയമായി പരാജയപ്പെടുത്തി കൊണ്ടാണ് ഗോകുലം ആദ്യ ജയം സ്വന്തമാക്കിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഗോകുലം കേരള എഫ് സിയുടെ വിജയം. ഗനി നിഗം എന്ന യുവ മലയാളി താരത്തിന്റെ മിന്നും പ്രകടനമാണ് കളി കേരളത്തിന് സ്വന്തമാക്കി കൊടുത്തത്.

രാജേഷ്, സുഹൈർ, അന്റോണിയോ ജർമ്മൻ, ഗനി നിഗം ഈ നാലു താരങ്ങളുടെ അറ്റാക്കിങ് മൂവുകളാൽ ഫുട്ബോൾ ആരാധകരുടെ ഹൃദയം നിറഞ്ഞ മത്സരമായിരുന്നു ഇന്ന്. ഇവരെ നാലു പേരെയും തടയാൻ ലജോങ്ങിന്റെ ഇന്ത്യൻ നിര നന്നേ കഷ്പ്പെട്ടു. ആദ്യ ഗോൾ വരാൻ 43ആം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നത് ഗോകുലത്തിന്റെ നിർഭാഗ്യം കൊണ്ടു മാത്രമായിരുന്നു. 43ആം മിനുട്ടിൽ ഗനി ആണ് ഗോകുലത്തിന് ലീഡ് നേടിക്കൊണ്ടുത്തത്. ബോക്സിനകത്ത് നിന്ന് പിറന്ന ഗനിയുടെ ഷോട്ട് ലജോങ്  വല തുളച്ച് കയറി.

ഗനിയുടെ ഐലീഗിലെ ആദ്യ ഗോളായിരുന്നു ഇത്. ആ ഗോളിന്റെ ലീഡിൽ ആദ്യ പകുതി അവസാനിപ്പിച്ച ഗോകുലം രണ്ടാം പകുതിയിൽ ആക്രമണത്തിന്റെ മൂർച്ച കൂട്ടി. 57ആം മിനുട്ടിൽ അന്റോണിയോ ജർമ്മനിലൂടെ ഗോകുലം ലീഡ് ഇരട്ടിയാക്കി. ജർമ്മൻ ഇടം കാലൻ ഷോട്ട് വലിയൊരു ഡിഫ്ലക്ഷനോടെ വലയിൽ വീഴുകയായിരുന്നു. ജർമ്മന്റെ ലീഗിലെ രണ്ടാം ഗോളായിരുന്നു ഇത്.

കളിയിലെ ഏറ്റവും മികച്ച ഗോൾ പിറന്നത് 67ആം മിനുട്ടിൽ ആയിരുന്നു. ഇടതുവിങ്ങിൽ നിന്ന് ഗനി നിഗം കൊടുത്ത ഒരു ഗംഭീര ക്രോസ് പറന്നു കൊണ്ട് രാജേഷ് ഫിനിഷ് ചെയ്തും ഗോകുലം മൂന്ന് ഗോളിന് മുന്നിൽ. മൂന്ന് പോയന്റും സ്വന്തം. 79ആം മിനുട്ടിൽ ബുവാമിലൂടെ ഷില്ലോങ്ങ് ലജോങ്ങിന്റെ ആശ്വാസ ഗോൾ കണ്ടെത്തി.

ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയ ഗനി തന്നെയാണ് കളിയിലെ ഹീറോ ഓഫ് ദി മാച് അവാർഡ് സ്വന്തമാക്കിയതും. ഇന്നത്തെ ജയത്തോടെ ഗോകുലം ലീഗിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു.