ഈസ്റ്റ് ബംഗാളിനെയും അട്ടിമറിച്ച് ഗോകുലം കേരള

Photo: Goal.com
- Advertisement -

കൊൽക്കത്ത വമ്പന്മാരായ ഈസ്റ്റ് ബംഗാളിനെയും അട്ടിമറിച്ച് ഗോകുലം എഫ്.സി. ഒരു ഗോളിന് പിന്നിട്ടു നിന്നതിനു ശേഷമാണു ഗോകുലം മത്സരം കൈപിടിയിലാക്കിയത്.  2- 1 നാണ് ഗോകുലം ഈസ്റ്റ് ബംഗാളിനെ മറികടന്നത്. മോഹൻ ബഗാനനെയും ഗോകുലം കേരള കഴിഞ്ഞ ദിവസം ഇതേ സ്കോറിന് പരാജയപ്പെടുത്തിയിരുന്നു. തോൽവിയോടെ ഈസ്റ്റ് ബംഗാളിന്റെ ഐ ലീഗ് സാധ്യതകൾക്ക് മങ്ങലേറ്റു.

മത്സരം അരമണിക്കൂറിനു അടുത്ത് എത്തിയപ്പോൾ കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച അലജ്മി പരിക്ക് മൂലം പുറത്ത് പോയി. അലജ്മിക്ക് പകരക്കാരനായി അർജുൻ ആണ് ഗോകുലത്തിനു വേണ്ടി കളത്തിലിറങ്ങിയത്.  തുടർന്ന് ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലാണ്  ഈസ്റ്റ് ബംഗാൾ പെനാൽറ്റിയിലൂടെ ഗോകുലം ഗോൾ വല കുലുക്കിയത്. പെനാൽറ്റി ബോക്സിലേക്ക് ഓടി കയറിയ ലോബോയെ തടയാൻ ശ്രമിച്ച ലാൽഡൺമാവിയ പെനാൽറ്റി വഴങ്ങുകയായിരുന്നു. പെനാൽറ്റി എടുത്ത കസ്റ്റുമി ഗോകുലം ഗോൾ കീപ്പർ ബിലാൽ ഖാന് ഒരു അവസരവും നൽകാതെ ഗോളകുകയായിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോകുലം ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചു വന്നു. കിവിയാണ് ഹെൻറിയുടെ പാസിൽ നിന്ന് ഗോകുലത്തിന്റെ സമനില ഗോൾ നേടിയത്. ഗോൾ നേടിയതോടെ മികച്ച പ്രകടനം പുറത്തെടുത്ത ഗോകുലം ഹെൻറിയിലൂടെ രണ്ടു തവണ ഗോളിന് അടുത്ത എത്തിയെങ്കിലും രണ്ടു തവണയും ഗോൾ പോസ്റ്റ് ഹെൻറിക്ക് ഗോൾ നിഷേധിക്കുകയായിരുന്നു. തുടർന്ന് മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെയാണ് ഗോകുലം വിജയ ഗോൾ നേടിയത്. ഹെൻറിയും  സൽമാനും അർജുനും ചേർന്ന് നടത്തിയ മുന്നേറ്റത്തിനൊടുവിൽ ഈസ്റ്റ് ബംഗാൾ താരം സലാം രഞ്ജന്റെ കാലിൽ തട്ടി സ്വന്തം വലയിൽ പതിക്കുകയായിരുന്നു.

മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ രണ്ടു ടീമിലെയും കളിക്കാർ ചുവപ്പ് കാർഡ് കണ്ടതോടെ 10 പേരുമായാണ് ഇരു ടീമുകളും മത്സരം പൂർത്തിയാക്കിയത്. ഗോകുലത്തിന്റെ ഇർഷാദും ഈസ്റ്റ് ബംഗാളിന്റെ അർണബ് മോണ്ടലുമാണ് രണ്ടാമത്തെ മഞ്ഞ കാർഡ് കണ്ടു പുറത്ത്പോയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement