ഏഴാം മത്സരത്തിലും ജയം എന്തെന്ന് അറിയാതെ ഗോകുലം

ദേശീയ ലീഗിൽ ഗോകുലം കേരള എഫ് സിയുടെ ദയനീയ പ്രകടനം തുടരുന്നു. ഇന്ന് ചർച്ചിൽ ബ്രദേഴ്സിന് എതിരെയും ഗോകുലം പരാജയപ്പെട്ട് വീണു. ഇത് തുടർച്ചയായ ഏഴാം ഐലീഗ് മത്സരത്തിലാണ് ഗോകുലം വിജയിക്കാതിരിക്കുന്നത്. ഇതിൽ അവസാന നാലു മത്സരങ്ങളിലും ഗോകുലം കേരള എഫ് സി പരാജയപ്പെടുകയാണ് ചെയ്തത്. ഇന്ന് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഗോകുലത്തിന്റെ തോൽവി.

ഒരു ഗോളിന് തുടക്കത്തിൽ മുന്നിട്ട് നിന്ന ശേഷമാണ് ഈ ദയനീയ തോൽവി. കഴിഞ്ഞ മത്സരത്തിൽ ചെന്നൈ സിറ്റിയോടും ലീഡ് ചെയ്ത ശേഷമായിരുന്നു ഗോകുലം തോൽവി വഴങ്ങിയത്. ഇന്ന് കളിയുടെ 14ആം മിനുട്ടിൽ പുതിയ സ്ട്രൈക്കർ മാർകസ് ജോസഫാണ് ബിനോ ജോർജ്ജിന്റെ ടീമിന് ലീഡ് നൽകിയത്. മാർകസിന്റെ ഒരു ലോംഗ് റേഞ്ചർ ശ്രമം ചർച്ചിൽ കീപ്പറിന്റെ പിഴവ് കൊണ്ട് മാത്രം ഗോളായി മാറുകയായുരുന്നു.

പക്ഷെ ആ ലീഡ് നിലനിർത്താൻ ഗോകുകത്തിനായില്ല. 37ആം മിനുട്ടിൽ ചർച്ചിൽ ക്യാപ്റ്റൻ സീസെ ഗോവൻ ടീമിന് സമനില നൽകി. രണ്ടാം പകുതിയിൽ പ്ലാസയിലൂടെ ചർച്ചിൽ 2-1ന് മുന്നിൽ എത്തി. പ്ലാസ തന്നെ കളിയുടെ അവസാന നിമിഷം മൂന്നാം ഗോളും നേടി ചർച്ചിൽ വിജയം ഉറപ്പിച്ചു. ജയത്തോടെ ചർച്ചിൽ ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് എത്തി. 12 മത്സരങ്ങളിൽ 10 പോയന്റു മാത്രം ഉള്ള ഗോകുലം ഇപ്പോൾ എട്ടാം സ്ഥാനത്താണ്.

Previous article“ചെൽസിയിൽ പോകാതെ ലിവർപൂളിലേക്ക് വരാൻ കാരണങ്ങളുണ്ട്” – അലിസൺ
Next articleബയേൺ മ്യൂണിക്കിന് തിരിച്ചടി, റിബറിക്ക് പരിക്ക്