മെർജറില്ലാതെ തന്നെ മരിക്കുന്ന ഇന്ത്യൻ ചാമ്പ്യന്മാർ, ഐസോൾ എഫ് സി

ഇന്ത്യയുടെ ലെസ്റ്റർ സിറ്റി ഇന്ന് ഫുട്ബോൾ ആരാധകർ ഐസോളിനെ വിളിച്ചപ്പോൾ തിരുത്തിയിരുന്നു. ലെസ്റ്ററിന് ഒരിക്കൽ കൂടെ പ്രീമിയർ ലീഗ് നേടാനുള്ള ശേഷിയില്ല പക്ഷെ ഐസോളിന് ഇനിയും ഐലീഗ് കിരീടങ്ങൾ നേടാനുള്ള ശേഷിയുണ്ട് എന്നതായിരുന്നു ലെസ്റ്റർ എന്നു വിളിക്കുന്നതിനെ വിലക്കാനുള്ള കാരണം. പക്ഷെ ഐസോൾ ഇപ്പോൾ ഇനി ഒരിക്കൽ കൂടെ ഐ ലീഗ് നേടുന്നത് പോയിട്ട് അടുത്ത ഐ ലീഗിൽ തരംതാഴ്ത്തപ്പെടാതെ രക്ഷപ്പെടാനെങ്കിലും ഒക്കുമോ എന്ന സംശയത്തിലാണ്.

എല്ലാവരേയും ഞെട്ടിച്ച് കൊണ്ട് തങ്ങളുടെ രണ്ടാം ഐലീഗിൽ തന്നെ ചാമ്പന്മാരായപ്പോൾ അതൊന്ന് സന്തോഷിച്ച് ആഘോഷിക്കാൻ വരെ ഐസോളിനോ ആരാധകർക്കോ സമയം കിട്ടിയില്ല. ഐ എസ് എൽ – ഐലീഗ് മെർജർ ആയിരുന്നു ഐസോളിനു മുന്നിൽ വന്ന ആദ്യത്തെ ഭീഷണി. ബെംഗളൂരു, മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ എന്നീ മൂന്നു ടീമുകളെ മാത്ര ഉൾപ്പെടുത്തിക്കൊണ്ട് ഐ എസ് എൽ വിപുലീകരിച്ച് ഒന്നാം ലീഗാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടക്കുകയാണ് എന്ന വാർത്തകൾ പരന്നു. പ്രതിഷേധിക്കുക അല്ലാതെ വേറെ രക്ഷ ഐസോൾ എഫ് സിക്ക് ഉണ്ടായിരുന്നില്ല. അങ്ങനെയൊരു മെർജർ നടന്നാൽ നിരാഹാര സമരത്തിന് ഇറങ്ങുമെന്ന് ഐസോൾ പ്രഖ്യാപിച്ചതോടെ മെർജർ നീക്കം ഇല്ലാതെയായി. ലോകത്തിന്റെ നാനാഭാഗത്തു നിന്നും ഐസോളിന്റെ പ്രതിഷേധങ്ങൾക്ക് പിന്തുണ കിട്ടി.

മെർജർ നടന്നില്ല, പക്ഷെ എന്നിട്ടും ഐസോൾ തകരുകയാണ്. തങ്ങളുടെ പ്രധാന താരങ്ങളും കിരീടത്തിലേക്ക് നയിച്ച പരിശീലകൻ ഖാലിദ് ജമീലുമൊക്കെ കൊൽകത്തൻ ക്ലബുകളിലേക്ക് ചേക്കേറുന്നതാണ് ഐസോളിനെ ഇപ്പോ തളർത്തുന്നത്. ഖാലിദ് ജമീലിനെ ഈസ്റ്റ് ബംഗാളാണ് സ്വന്തമാക്കാൻ പോകുന്നത്. വർഷങ്ങളായി ഐ ലീഗ് കിരീടമില്ലാതെ വലയുന്ന ഈസ്റ്റ് ബംഗാൾ ഖാലിദ് ജമീലിന്റെ സേവനം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. കൊൽകത്തയിൽ കളിക്കുക തന്റെ വലിയ ആഗ്രഹമായിരുന്നു എന്നും പരിശീലകനായെങ്കിലും അവിടെ എത്തുന്നത് സ്വപ്നമാണെന്നു ഖാലിദ് ജമീൽ പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ സീസണിലെ ഐ ലീഗിലെ തന്നെ ഏറ്റവും മികച്ച കളിക്കാരനായിരുന്ന അൽ ആമ്നയും ഈസ്റ്റ് ബംഗാളിൽ എത്തി. കൽക്കത്തൻ ലീഗ് കളിക്കാൻ വേണ്ടി ചെറിയ കാലാവധിയുള്ള കരാരാണ് ആമ്ന ഒപ്പിട്ടിട്ടുള്ള എങ്കിലും ഈ‌ സിറിയൻ മിഡ്ഫീൽഡർ തിരിച്ച് ഐസോളിൽ എത്തുമെന്ന് തോന്നുന്നില്ല. കഴിഞ്ഞ സീസണിലെ മികച്ച പ്രകടനക്കാരിൽ ഒരാളായ ബ്രണ്ടനും ഡിഫൻഡർ ലാൽറംചുള്ളോവയും കൊൽക്കത്തയിലേക്ക് ചേക്കേറിയിരിക്കുക ആണ്.

ക്യാപ്റ്റൻ ആൽഫ്രഡ് കിമയുടെ കരാർ മാത്രമാണ് ഐസോളിന് ഇതുവരെ പുതുക്കാനായത്. ക്ലബിലെ മറ്റു താരങ്ങൾക്കു പിറകിലും ഐ ലീഗ് ഐ എസ് എൽ ക്ലബുകൾ കൂടിയിട്ടുണ്ട്. തങ്ങളുടെ ആദ്യ സീസണിലേതു പോലെ തരംതാഴ്ത്തപ്പെടൽ ഭീഷണി തന്നെയാകും ഇത്തവണയും ഐസോളിന് അഭിമുഖീകരിക്കേണ്ടി വരിക എന്നാണ് ഈ നീക്കങ്ങൾ സൂചിപ്പിക്കുന്നത്. ട്രാൻസ്ഫറുകളെല്ലാം ഫ്രീ ട്രാൻസഫ്ർ ആണ് എന്നതു കൊണ്ട് ഐസോളിന് ഈ മാറ്റങ്ങൾ കൊണ്ട് സാമ്പത്തിക ലാഭവുമില്ല.

ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ വിസ്മയമായി മാറിയ ഒരു ക്ലബിന്റെ പൊടുന്നനെയുള്ള തകർച്ച കാണേണ്ടി വരുമോ എന്ന ആശങ്കയിലാണ് ഫുട്ബോൾ പ്രേമികൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅത്ലറ്റിക്കോയിൽ തുടരാൻ ഗ്രീസ്മാൻ, അടുത്ത വർഷം യുണൈറ്റഡിൽ എത്തിയേക്കും
Next articleലോകത്തെ വിലപിടിപ്പുള്ള മൂന്നാമത്തെ ഗോൾ കീപ്പറായി പിക്ഫോഡ് എവർട്ടണിലേക്ക്