ചാമ്പ്യന്മാർ ഇന്ന് ഈസ്റ്റ് ബംഗാളിനെതിരെ

ഐ ലീഗിൽ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ ഐസോൾ എഫ് സി ഇന്ന് കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാളിനെ നേരിടും. ഐസോളിനെ ചാമ്പ്യന്മാരാക്കിയ ഖാലിദ് ജമീലാണ് ഈസ്റ്റ് ബംഗാൾ പരിശീലകൻ എന്നതുകൊണ്ട് തന്നെ ഐസോളിന് ഈ എവേ മത്സരം ഒരു വിധത്തിലും വിട്ടുകൊടുക്കാൻ സാധിക്കുന്ന മത്സരമല്ല.

ഇന്ന് രാത്രി 8 മണിക്ക് സാൾട്ട് ലേക്കിലാണ് മത്സരം നടക്കുക. ഏതാണ്ട് രണ്ട് വർഷത്തിനടുത്തായി സാൾട്ട് ലേക്കിൽ ഒരു ഐ ലീഗ് മത്സരം നടന്നിട്ട്. രണ്ട് ദിവസം മുന്നേ നടന്ന ഐ എസ് എൽ മത്സരത്തിലെ കാണികളുടെ എണ്ണം ഇന്ന് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഈസ്റ്റ് ബംഗാൾ ആരാധകർ മറികടന്നേക്കും.

ഖാലിദ് ജമീൽ മാത്രമല്ല കഴിഞ്ഞ തവണ ഐസോളിന്റെ പ്രധാന തുറുപ്പ് ചീട്ടായിരുന്ന അൽ ആമ്ന ഉൾപ്പടെയുള്ള താരങ്ങളെയും ഈസ്റ്റ് ബംഗാൾ ഐസോളിൽ നിന്ന് സ്വന്തമാക്കിയിരുന്നു. ക്യാപ്റ്റൻ ആൽഫ്രദ് ജാര്യൻ ഒഴികെ പഴയ നിരയിലെ മിക്കവരും ഐസോളിൽ ഇന്നില്ല എന്നത് പുതിയ കോച്ച് പോളോ മെനെസസിന് വെല്ലുവിളിയാകും.

ഈസ്റ്റ് ബംഗാൾ നിരയിൽ നാലു മലയാളി താരങ്ങളും ഉണ്ട്. സ്ട്രൈക്കർമാരായ സുഹൈർ, ജോബി ജസ്റ്റിൻ, ഗോൾ കീപ്പർ മിർഷാദ് എന്നിവരോടൊപ്പം എഫ് സി കേരള ഗോൾ കീഒപർ ഉബൈദും ഈസ്റ്റ് ബംഗാളിനൊപ്പം ഉണ്ട്. ഉബൈദിന്റെ സൈനിങ് അവസാന ഘട്ടത്തിലാണ് എന്നാണ് വിവരങ്ങൾ. ഇവരിൽ ആരൊക്കെ അന്തിമ ഇലവനിൽ ഇടം പിടിക്കും എന്നതാണ് മലയാളി ഫുട്ബോൾ പ്രേമികൾ ഉറ്റുനോക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial