റൈസിംഗിനെ തകർത്ത് ഈസ്റ്റേൺ സ്പോർട്ടിങ് യൂണിയൻ ഇന്ത്യൻ ഫുട്ബാൾ തമ്പുരാട്ടികൾ

- Advertisement -

പ്രഥമ വനിതാ ഐ ലീഗിൽ ഐ ലീഗിൽ ഈസ്റ്റേൺ സ്പോർട്ടിങ് യൂണിയൻ ചാമ്പ്യന്മാരായി. ഇന്ന് ഡൽഹിയിലെ അംബേദ്ക്കർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റൈസിംഗ് സ്റ്റുഡന്റസ് ക്ലബ്ബിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്താണ് ഇന്ത്യൻ വനിതാ ഫുട്ബാൾ ഇതിഹാസം ബെംബെം ദേവിയുടെ ഈസ്റ്റേൺ സ്പോർട്ടിങ് യൂണിയൻ കിരീടം ഉയർത്തിയത്.

മത്സരത്തിലുടനീളം പന്തടക്കത്തിലും കൃത്യതയാർന്ന മുന്നേറ്റത്തിലൂടെയും എതിരാളികളുടെ മേൽ പൂർണ ആധിപത്യം നേടിയാണ് ഈസ്റ്റേൺ സ്പോർട്ടിങ് ഫൈനലിൽ വിജയിച്ചത്. ഇന്ത്യൻ താരം കമല ദേവിയും (32 ‘, 66’) പ്രമേശ്വരി ദേവിയും (57 ‘) ആണ് ഈസ്റ്റേൺ സ്പോർട്ടിങ്ങിനു വേണ്ടി റൈസിംഗ് സ്റ്റുഡന്റ്സിന്റെ വലകുലുക്കിയത്. പ്രാഥമിക റൌണ്ട് മത്സരത്തിൽ തങ്ങളെ തോൽപ്പിച്ച റൈസിംഗ് സ്റ്റുഡന്റ്‌സിനെതിരെയുള്ള മധുര പ്രതികാരം കൂടെയായി ഇത്.

ടൂർണമെന്റിൽ ഉടനീളം മികച്ച ഫോമിൽ കളിച്ച റൈസിംഗ് സ്റ്റുഡന്റ്സിനു ഫൈനലിൽ ആ മികവ് നിലനിർത്താൻ കഴിയാഞ്ഞതാണ് അവർക്ക് വിനയായത്. ലീഗ് ഘട്ടത്തിൽ ഒന്നാമതായി സെമിയിൽ പ്രവേശിച്ച റൈസിംഗ് സ്റ്റുഡന്റസ് സെമിയിൽ എഫ്‌സി പൂനെ സിറ്റിയെ ആണ് പരാജയപ്പെടുത്തിയത്. ലീഗ് ഘട്ടത്തിൽ രണ്ടാം സ്ഥാനക്കാരായാണ് ഈസ്റ്റേൺ സ്പോർട്ടിങ് യൂണിയൻ സെമിയിൽ എത്തിയത്. സെമിയിൽ അളകാപുരിയെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഈസ്റ്റേൺ തകർത്തു വിട്ടത്. അതെ മികവ് ഫൈനലിലും ആവർത്തിച്ചപ്പോൾ വിജയം ബെംബെം ദേവിയുടെയും സംഘത്തിന്റെയും കൈകളിലായി.

വനിതാ ലീഗ് വിജയികളായ ഈസ്റ്റേൺ സ്പോർട്ടിങ്ങിന് 10 ലക്ഷം രൂപ സമ്മാനമായി ലഭിക്കുമ്പോൾ രണ്ടാം സ്ഥാനക്കാരായ റൈസിംഗ് സ്റ്റുഡന്റ്സിന് 5 ലക്ഷം രൂപ ലഭിക്കും. റൈസിംഗ് സ്റ്റുഡന്റ്സിന്റെ ജബമാണി റ്റുഡു എമർജിങ് പ്ലയറായി 75000 രൂപയുടെ ക്യാഷ് അവാർഡിന് അർഹയായി. ഈസ്റ്റേണിന്റെ ഉമാപതി ദേവി ടൂർണമെന്റിലെ വിലയേറിയ താരമായി 1.25 ലക്ഷം രൂപ സ്വന്തമാക്കിയപ്പോൾ ടൂർണമെന്റിൽ ഉടനീളം 11 ഗോളുകൾ എതിരാളികളുടെ വലയിൽ അടിച്ചു കൂട്ടി ടോപ് സ്‌കോറർ ആയ ഇന്ത്യൻ താരം കമലാ ദേവി 1 ലക്ഷം രൂപയുടെയും ക്യാഷ് അവാർഡിന് അർഹയായി.

Advertisement