സെവനപ്പ്!!! ജിടിനെതിരെ ഏഴടിച്ച് ഈസ്റ്റേൺ സ്പോർട്ടിങ്

വനിതാ ഐ ലീഗിലെ രണ്ടാമത്തെ മത്സരത്തിൽ ജെപ്പിയാർ ഇൻസ്റ്റിട്യൂട് ഓഫ് ടെക്‌നോളജീസ് എഫ്‌സിയെ (JIT) ഗോൾമഴയിൽ മുക്കി ഈസ്റ്റേൺ സ്പോർട്ടിങ് യൂണിയൻ. കമല ദേവിയുടെയും കാഷിംനയുടേയും ഹാട്രിക് മികവിൽ ഒന്നിനെതിരെ ഏഴു ഗോളുകൾക്കാണ് ഈസ്റ്റേൺ ജയിച്ചു കയറിയത്.

മുൻ ഇന്ത്യൻ താരം ബെംബെം ദേവിയുടെ നേതൃത്വത്തിൽ ആണ് ഈസ്റ്റേൺ കളിയ്ക്കാൻ ഇറങ്ങിയത്. തുടക്കം മുതൽ ജിടിന്റെ കളിക്കാരെ വലിഞ്ഞു മുറുക്കിയ ബെംബെം ദേവിയും സംഘവും ഒരു നിമിഷം പോലും ജിടിനെ മുന്നേറാനയച്ചില്ല. ആദ്യ പകുതിയിൽ ഭൂരിഭാഗവും ജിടിന്റെ പകുതിയിൽ ആയിരുന്നു പന്ത്. ആദ്യ പകുതിയുടെ 44ആം മിനിറ്റിൽ ആണ് ആദ്യ ഗോൾ വീണത്. വലത് വിങ്ങിൽ നിന്നും പന്ത് ലഭിക്കുമ്പോൾ കമലാദേവിയുടെ മുന്നിൽ ഗോൾ കീപ്പർ മാത്രമേ ഉണ്ടായിരുന്നുള്ളു. കമല അനായാസമായി പന്ത് വലയിലാക്കി.


രണ്ടാം പകുതിയിലും ഈസ്റ്റേണിന്റെ മുന്നേറ്റം ആയിരുന്നു, 62ആം മിനിറ്റിൽ കമല വീണ്ടും വലകുലുക്കി ലീഡ് ഇരട്ടി ആക്കിയെങ്കിലും തൊട്ടടുത്ത മിനിറ്റിൽ തന്നെ സന്ധ്യ ജിടിനു വേണ്ടി ഒരു ഗോൾ മടക്കി. പക്ഷെ തുടർന്നങ്ങോട്ട് ഈസ്റ്റേൺ സ്പോർട്ടിങ്ങിന്റെ രൗദ്ര ഭാവമായിരുന്നു പിച്ചിൽ കാണ്ടത്. തുടർച്ചയായ ഇടവേളകളിൽ ജിടിന്റെ വല ചലിച്ചുകൊണ്ടിരുന്നു. 83ആം മിനിറ്റിൽ മറ്റൊരു ഗോൾ കണ്ടത്തി കമല ദേവി ഹാട്രിക് തികച്ചപ്പോൾ 71, 88, 90 മിനിറ്റുകളിൽ ഗോൾ നേടി കാഷിംനയുടേയും ഹാട്രിക് പിറന്നു. 77ആം മിനിറ്റിൽ പ്രെമി ദേവിയും ഗോൾ നേടിയിരുന്നു.

ഇന്ത്യൻ താരങ്ങളായ കമല ദേവിയുടെയും കാഷിംനയുടേയും ഹാട്രിക് ടീമിന് പുത്തൻ പ്രതീക്ഷയാണ് നൽകുന്നത്.

Previous articleപെര്‍ത്ത് സ്കോര്‍ച്ചേഴ്സിനു മൂന്നാം കിരീടം
Next articleഐ ലീഗ്: മുംബൈക്കെതിരെ ഷില്ലോങിനും ഐസ്വാളിനെതിരെ ചെന്നൈക്കും വിജയം.