ഈസ്റ്റ് ബംഗാളിന്റെ കിരീട പ്രതീക്ഷ അവസാനിപ്പിച്ച് ശിവജിയൻസിന്റെ അട്ടിമറി

ഈസ്റ്റ് ബംഗാളിന്റെ കിരീട പ്രതീക്ഷകൾക്ക് തിരിച്ചടി നൽകികൊണ്ട് ശിവജിയൻസിന്റെ അപ്രതീക്ഷിത വിജയം. ഈസ്റ്റ് ബംഗാളിന്റെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 29ആം മിനിറ്റിൽ യുവതാരം ജെറി നേടിയ ഗോളിനാണ് ശിവജിയൻസ് കൊൽക്കത്ത വമ്പന്മാരെ അട്ടിമറിച്ചത്. 2004നു ശേഷം ആദ്യമായി ദേശീയ കിരീടം നേടാമെന്ന ഈസ്റ്റ് ബംഗാളിന്റെ പ്രതീക്ഷയാണ് ജെറി എന്ന 20കാരൻ തല്ലികെടുത്തിയത്. ഈസ്റ്റ് ബംഗാളിന്റെ സീസണിലെ അഞ്ചാമത്തെ തോൽവിയാണിത്. തോൽവിയോടെ 16 മത്സരങ്ങളിൽ നിന്നും 27 പോയിന്റുമായി ഈസ്റ്റ് ബംഗാൾ മൂന്നാം സ്ഥാനത്താണ്, 17 പോയിന്റുമായി ശിവജിയൻസ് ഏഴാം സ്ഥാനത്താണ്. സീസണിന്റെ തുടക്കത്തിൽ മികച്ച ഫോമിൽ തുടങ്ങിയ ഈസ്റ്റ് ബംഗാൾ പിന്നീട് നിറം മങ്ങുന്നതാണ് കണ്ടത്. ഇടക്ക് വന്ന പരാജയങ്ങൾ ആണ് ഈസ്റ്റ് ബംഗാളിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചത്.

അതെ സമയം ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ മുംബൈ എഫ്സിയും ചെന്നൈ സിറ്റിയും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. 16 മത്സരങ്ങളിൽ നിന്നും ചെന്നൈ സിറ്റി 17 പോയിന്റുമായി എട്ടാം സ്ഥാനത്ത് നിൽക്കുമ്പോൾ മുംബൈ എഫ്‌സി 12 പോയിന്റ് മാത്രമായി അവസാന സ്ഥാനത്താണ്.