ഷില്ലോങ്ങിനെ തകർത്ത് ഈസ്റ്റ് ബംഗാളിന്റെ തിരിച്ചു വരവ്

- Advertisement -

ഐ ലീഗിലെ മോശം തുടക്കത്തിന് ധാരാളം വിമർശനമേറ്റുവാങ്ങിയ ഖാലിദ് ജാമിലിനും സംഘത്തിനും തകർപ്പൻ വിജയത്തോടെ തിരിച്ചു വരവ്. സ്വന്തം കാണികളുടെ മുന്നിൽ വെച്ചു നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഷില്ലോങ് ലജോങ് എഫ്‌സിയെ തകർത്തത്. ഷില്ലോങ്ങിന്റെ ലീഗിലെ ആദ്യ പരാജയവും ഈസ്റ്റ് ബംഗാളിന്റെ ആദ്യ വിജയവുമാണിത്.

കൊൽക്കത്തയിലെ പോരാട്ടത്തിൽ 14ആം മിനിറ്റിൽ തന്നെ സിറിയൻ മിഡ്ഫീൽഡർ അംനയിലൂടെ ഈസ്റ്റ് ബംഗാൾ മുന്നിലെത്തി. ആദ്യ ഗോളിന്റെ ക്ഷീണം മാറും മുന്നേ 19ആം മിനിറ്റിൽ ഫെറെറയിലൂടെ ഈസ്റ്റ് ബംഗാൾ രണ്ടാം ഗോളും നേടി. ആദ്യ പകുതിക്ക് പിരിയുമ്പോൾ 2-0 എന്നായിരുന്നു സ്‌കോർ നില.

രണ്ടാം പകുതിയിൽ 52ആം മിനിറ്റിലും 65ആം മിനിറ്റിലും ഗോൾ നേടി റാൽതെ കൊൽക്കത്തൻ ടീമിന്റെ ലീഡ് 4 ആക്കി ഉയർത്തി. 79ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി കസുമി യൂസ ഈസ്റ്റ് ബംഗാളിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി. 87ആം മിനിറ്റിൽ ലാൽമന്പയാണ് ഷില്ലോങ് ലജോങിന്റെ ആശ്വാസ ഗോൾ നേടിയത്.

3 മത്സരങ്ങളിൽ നിന്നും 6 പോയിന്റുള്ള ഷില്ലോങ് ലീഗ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്, 4 പോയിന്റുള്ള ഈസ്റ്റ് ബംഗാൾ മോഹൻ ബഗാനു താഴെ നാലാമതെത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement