ഈസ്റ്റ് ബംഗാൾ കോട്ട തകർത്ത് ഗോകുലം കേരളയുടെ ഗർജ്ജനം

- Advertisement -

അവസാന മൂന്ന് മത്സരങ്ങളിലെ ക്ഷീണം ഗോകുലം കേരള എഫ് സി അങ്ങ് കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാളിന്റെ നെഞ്ചത്ത് തീർത്തു. ഐലീഗിലെ വമ്പന്മാരായ ഈസ്റ്റ് ബംഗാളിനെ അവരുടെ തട്ടകത്തിൽ ചെന്നാണ് ഗോകുലം കേരള എഫ് സി തകർത്തത്. ഹറൂനും ഇർഷാദും വിക്കിയും ഒന്നും ഇല്ലാത്തതിനാൽ ഗോകുലം കേരള എഫ് സി സമ്മർദ്ദത്തിൽ ആകും എന്നാണ് എല്ലാവരും കരുതിയത് എങ്കിൽ തീർത്തും വിപരീതമാണ് നടന്നത്.

ഈ സീസണിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ഗോകുലത്തിൽ നിന്ന് ഇന്ന് കണ്ടത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഗോകുലം കേരള എഫ് സി ഇന്ന് വിജയിച്ചത്. മത്സരത്തിന്റെ 21ആം മിനുട്ടിൽ കിസേകയുടെ ഗോളിൽ ആയിരുന്നു ഗോകുലം മുന്നിൽ എത്തിയത്. പിന്നാലെ 27ആം മിനുട്ടിൽ ഐദാരയിലൂടെ ഈസ്റ്റ് ബംഗാൾ തിരിച്ചടിച്ചപ്പോൾ ഗോകുലം ഒന്ന് ഭയന്നു.

പക്ഷെ ഒരു സെൽഫ് ഗോളിലൂടെ 45ആം മിനുട്ടിൽ ലീഡ് തിരിച്ച് പടിക്കാൻ ഗോകുലത്തിനായി. രണ്ടാം പകുതിയിൽ 65ആം മിനുട്ടിൽ ക്യാപ്റ്റൻ മാർക്കസ് ജോസഫ് ഗോകുലത്തിന്റെ വിജയം ഉറപ്പിച്ച മൂന്നാം ഗോളും നേടി. ഈ വിജയത്തോടെ ഗോകുലം 10 പോയന്റുമായി ഈസ്റ്റ് ബംഗാളിനെയും മറികടന്ന് ലീഗിൽ നാലാം സ്ഥാനത്ത് എത്തി.

Advertisement