ഗോൾ വര കടന്നിട്ടും ഗോളില്ല, വിവാദ തീരുമാനത്തിൽ ഈസ്റ്റ് ബംഗാളിന് തോൽവി

- Advertisement -

ലാമ്പാർഡ് പണ്ട് ഇംഗ്ലണ്ടിനായി അടിച്ച അനുവദിക്കാത്ത ഗോളിനെ ഓർമ്മിപ്പിച്ച ദിവസമായിരുന്നു ഇന്ന് ഐസാളിൽ. ഈസ്റ്റ് ബംഗാളും ഐസാളും തമ്മിൽ നടന്ന മത്സരത്തിലാണ് വിവാദ തീരുമാനം ആണ് ഈസ്റ്റ് ബംഗാളിന് തങ്ങളുടെ ലീഗിലെ രണ്ടാം പരാജയം സമ്മാനിച്ചത്. ആവേശകരമായ മത്സരം 3-2 എന്ന സ്കോറിനാണ് ഐസാൾ വിജയിച്ചത്. കളിയുടെ 25ആം മിനുട്ടിൽ ഡോദോസിലൂടെ ഐസാളാണ് ആദ്യ ലീഡ് എടുത്തത്.

കളിയുടെ നാൽപ്പതാം മിനുട്ടിലാണ് വിവാദ തീരുമാനം ഉണ്ടായത്. ഈസ്റ്റ് ബംഗാൾ താരം ചുളോവ എടുത്ത ഫ്രീകിക്ക് ഗോൾ കീപ്പറെയും മറികടന്ന ബാറിൽ തട്ടി ഗോൾ വരയും കടന്നാണ് തിരിച്ചുവന്നത്. എന്നാൾ ഗോൾ വര കടന്നത് ലൈൻ റഫറിയോ മെയിൻ റഫറിയോ കണ്ടില്ല. ആ ഗോൾ അനുവദിക്കുകയും ചെയ്തില്ല. മത്സരം ആദ്യ പകുതിയിൽ 1-0 എന്ന നികയിൽ ഐസാൾ തന്നെ മുന്നിട്ടു നിന്നു.

രണ്ടാം പകുതിയിൽ പൊരുതി കയറിയ ഈസ്റ്റ് ബംഗാൾ 59ആം മിനുട്ടിൽ മലയാളി താരം ജോബി ജസ്റ്റിനിലൂടെ സമനില കണ്ടെത്തി. ഫ്രീകിക്കിൽ നിന്ന് ഒരു ഹെഡറിലൂടെ ആയിരുന്നു ജോബിയുടെ ഗോൾ. 71ആം മിനുട്ടിൽ ഗോമസിലൂടെ ഈസ്റ്റ് ബംഗാൾ ലീഡും എടുത്തു, കളി 2-1ന് ഈസ്റ്റ് ബംഗാൾ മുന്നിൽ. അതിനു ശേഷമാണ് ഐസാൾ 3-2ന് വിജയിച്ചത്.

73ആം മിനുട്ടിൽ ഈസ്റ്റ് ബംഗാൾ കീപ്പർ ഉബൈദിന് പറ്റിയ പിഴവ് മുതലെടുത്ത് സിഹലിയാന ഐസാളിന് സമനില നേടിക്കൊടുത്തു. കളിയുടെ 83ആം മിനുട്ടിൽ ലകിമ്പുയിമാവിയ ഐസാളിന്റെ വിജയമുറപ്പിച്ച മൂന്നാം ഗോളും നേടി. ഐസാളിന്റെ ലീഗിലെ ആദ്യ വിജയമാണിത്.

Advertisement