മോഹൻ ബഗാനോട് സമനില, ചർച്ചിലിന്റെ കിരീട പ്രതീക്ഷ ഇനി കണക്കിൽ മാത്രം

- Advertisement -

ഐ ലീഗിലെ കിരീട പോരാട്ടത്തിൽ നിന്ന് ചർച്ചിൽ ബ്രദേഴ്സ് വീണ്ടും അകന്നു. ഇന്ന് ഗോവയിൽ നടന്ന മത്സരത്തിൽ ചർച്ചിലും മോഹൻ ബഗാനും സമനിലയിൽ പിരിഞ്ഞു. ഒരോ ഗോൾ വീതം നേടിയാണ് കളി അവസാനിച്ചത്. കളിയുടെ 10 മിനുട്ട് മാത്രം ബാക്കിയിരിക്കെ ലഭിച്ച പെനാൾട്ടിയാണ് ചർച്ചിൽ ബ്രദേഴ്സിന് രക്ഷയായത്.

ആദ്യ പകുതിയിൽ ഡിക നേടിയ ഗോളിൽ ബഗാൻ മുന്നിൽ എത്തിയിരുന്നു. ആ ലീഡ് 79ആം മിനുട്ട് വരെ നിലനിർത്തിയ ബഗാൻ അവസാനം പെനാൾട്ടി വഴങ്ങി വിജയം കൈവിട്ടു. പെനാൾട്ടി എടുത്ത വോൾഫെ ഒട്ടും പിഴക്കാതെ പന്ത് വലയിൽ എത്തിച്ചു. ചർച്ചിലിന് വിജയമില്ലാത്ത മൂന്നാം മത്സരമാണിത്. 17 മത്സരങ്ങളിൽ നിന്ന് 30 പോയന്റുള്ള ചർച്ചിൽ ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. ഇനി ചെന്നൈ സിറ്റി അവസാന അഞ്ചു മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ വിജയിച്ചാൽ തന്നെ ചർച്ചിലിന്റെ കിരീട പ്രതീക്ഷ കണക്കിലും അവസാനിക്കും.

16 മത്സരങ്ങളിൽ 23 പോയന്റ് മാത്രമുള്ള മോഹൻ ബഗാനും ഇനി കിരീട പ്രതീക്ഷയില്ല. ഇപ്പോൾ ലീഗിൽ ആറാം സ്ഥാനത്താണ് ബഗാൻ.

Advertisement