സമനിലയിൽ പിരിഞ്ഞ് ചർച്ചിൽ ബ്രദേഴ്‌സും കെങ്ക്രെയും

20221124 214328

സ്വന്തം തട്ടകത്തിൽ വിജയം സ്വപ്നം കണ്ട മുംബൈ ടീമിനെ മത്സരത്തിന്റെ അവസാന ഘട്ടത്തിൽ നേടിയ ഗോളിൽ സമനിലയിൽ തളച്ച് ചർച്ചിൽ ബ്രദേഴ്‌സ്. ഇരു ടീമുകളും മികച്ച പോരാട്ടം കാഴ്ച്ച വെച്ചപ്പോൾ, ഓരോ ഗോൾ വീതമടിച്ചാണ് ടീമുകൾ പോയിന്റ് പങ്കുവെച്ചത്. ഇതോടെ കെങ്ക്രെ നാല് പോയിന്റുമായി എട്ടാം സ്ഥാനത്താണ് ലീഗിൽ ഉള്ളത്. ഇതുവരെ വിജയം നേടാൻ ആവാത്ത ചർച്ചിൽ പതിനൊന്നാം സ്ഥാനത്താണ്.

മത്സരത്തിൽ ചർച്ചിൽ പന്ത് കൈവശം വെക്കുന്നതിൽ ബഹുദൂരം മുന്നിലായിരുന്നു. ആറാം മിനിറ്റിൽ തന്നെ ആതിഥേയർ ലീഡ് എടുത്തു. അസ്ഫർ നൂറാനിയാണ് ഗോൾ നേടിയത്. ആദ്യ പകുതിയിൽ കെങ്ക്രെ തന്നെയാണ് മികച്ച് നിന്നത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ചർച്ചിൽ താരം സിസ്സെയുടെ മികച്ചൊരു ഫ്രീകിക്ക് തട്ടിയകറ്റി ഗോൾ കീപ്പർ പദം ഛേത്രി കെങ്ക്രെയുടെ രക്ഷക്കെത്തി. അറുപത്തി രണ്ടാം മിനിറ്റിൽ കീപ്പർ മാത്രം മുന്നിൽ നിൽക്കെ ലീഡ് ഉയർത്താൻ ലഭിച്ച അവസരം രഞ്ജീത്തിന് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. അവസാന മിനിറ്റുകളിൽ സമനില ഗോളിനായി ചർച്ചിൽ ആക്രമണം വർധിപ്പിച്ചു. എൺപതിനാലാം മിനിറ്റിൽ കെങ്ക്രെയുടെ നെഞ്ചകം പിളർത്തി കൊണ്ട് സമനില ഗോൾ എത്തി. ഫ്രീകിക്കിലൂടെ എത്തിയ ബോൾ പോസ്റ്റിന് തൊട്ടു മുൻപിൽ നിന്നും മാപ്വിയ വലയിൽ എത്തിച്ചു.