ചെന്നൈ സിറ്റി കുതിക്കുന്നു, നെരോകയെയും തോൽപ്പിച്ചു

- Advertisement -

ഈ സീസൺ ഐ ലീഗ് കിരീട പോരാട്ടത്തിൽ തങ്ങൾ മുന്നിൽ തന്നെ ഉണ്ടാകുമെന്ന് ഒന്നു കൂടെ ഉറപ്പിച്ച് കൊണ്ട് ചെന്നൈ സിറ്റി ഇന്ന് നെരോകയെയും തോൽപ്പിച്ചു. ഇന്ന് കോയമ്പത്തൂരിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചെന്നൈ സിറ്റി നെരോകയെ തോൽപ്പിച്ചത്. അവരുടെ സ്പാനിഷ് താരങ്ങൾ തന്നെയാണ് ഇന്നും കളിയുടെ വിധി നിർണയിച്ചത്.

ചെന്നൈക്കായി ആദ്യ പകുതിയിൽ എസ്ലാവയും രണ്ടാം പകുതിയിൽ നെസ്റ്ററും ഗോൾ നേടി. തികച്ചും ആധിപത്യം ഉറപ്പിച്ചു കൊണ്ടുള്ള പ്രകടനമായിരുന്നു ചെന്നൈ സിറ്റി ഇന്ന് നടത്തിയത്. 66ആം മിനുട്ടിൽ സുഭാഷിലൂടെ ഒരു ഗോൾ നെരോക മടക്കി എങ്കിലും അതുകൊണ്ട് കാര്യമൊന്നും ഉണ്ടായില്ല. ചെന്നൈയുടെ ആറ് മത്സരങ്ങൾക്ക് ഇടയിലെ അഞ്ചാം ജയമാണിത്.

16 പോയന്റുമായി ലീഗിൽ ബഹുദൂരം മുന്നിലാണ് ചെന്നൈ സിറ്റി ഇപ്പോൾ. രണ്ടാം സ്ഥാനത്തുള്ള മോഹൻ ബഗാന് എട്ടു പോയന്റെ ഉള്ളൂ.

Advertisement