ഐ ലീഗിൽ അട്ടിമറി, ചെന്നൈ സിറ്റിയോട് തോറ്റ് മോഹൻ ബഗാൻ

- Advertisement -

ഐ ലീഗിലെ ഏറ്റവും വലിയ അട്ടിമറിയിൽ കൊൽക്കത്ത വമ്പന്മാരായ മോഹൻ ബഗാന് തോൽവി. ചെന്നൈ സിറ്റി എഫ്.സിയാണ് ബഗാനെ 2-1ന് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ഭൂരിഭാഗവും 10 പേരുമായി കളിച്ചാണ് മോഹൻ ബഗാന്റെ ഗ്രൗണ്ടിൽ ചെന്നൈ സിറ്റി വിജയം സ്വന്തമാക്കിയത്. ആദ്യ പകുതിയുടെ 35ആം മിനുട്ടിൽ പ്രദീപ് മോഹൻ രാജ് ചുവപ്പ് കാർഡ് കണ്ടതോടെയാണ് ചെന്നൈ സിറ്റി 10 പേരായി ചുരുങ്ങിയത്.

മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ തന്നെ ഗോൾ നേടി ചെന്നൈ സിറ്റി തടിച്ചു കൂടിയ ബഗാൻ ആരാധകരെ നിശ്ശബ്ദരാക്കി. യോഅകീം ആണ് ചെന്നൈ സിറ്റിയുടെ ഗോൾ നേടിയത്. മുറിലോയും യോഅകീമും ചേർന്ന് ബഗാൻ പ്രതിരോധ നിറയെ കബളിപ്പിച്ച് ഗോൾ നേടുകയായിരുന്നു.

ഗോൾ വഴങ്ങിയതോടെ ഉണർന്ന് കളിച്ച ബഗാൻ പല തവണ ഗോളിന് അടുത്തെത്തിയെങ്കിലും ഗോൾ നേടാനായില്ല. തുടർന്നാണ് പെനാൽറ്റി ബോക്സിൽ വെച്ച് പന്ത് കൈകൊണ്ട് തൊട്ട പ്രദീപിന് റഫറി ചുവപ്പ് കാർഡ് കാണിച്ചത്. തുടർന്ന് ലഭിച്ച പെനാൽറ്റി ഗോളാക്കി ക്രോമ ബഗാന് സമനില നേടി കൊടുത്തു. ആദ്യ പകുതി അവസാനിക്കുമ്പോൾ മത്സരം 1-1ന് സമനിലയിലായിരുന്നു.

രണ്ടാം പകുതിയിൽ ജയിക്കാനുറച്ച് ഇറങ്ങിയ ബഗാനെ ചെന്നൈ സിറ്റി വീണ്ടും ഞെട്ടിച്ചു. 10 പേരായി ചുരുങ്ങിയിട്ടും ബഗാൻ ഗോൾ മുഖം ആക്രമിച്ച ചെന്നൈ സിറ്റി അതിനു പ്രതിഫലമെന്നോണം 71ആം മിനുട്ടിൽ രണ്ടാമത്തെ ഗോൾ നേടി മത്സരത്തിൽ ലീഡ് നേടി. സൂസൈരാജിന്റെ കോർണർ കിക്ക്‌ ഹെഡ് ചെയ്തു ഗോളാക്കികൊണ്ട് ഷുമേക്കോ ആണ് ഗോൾ നേടിയത്.  അവസാന മിനിറ്റുകളിൽ ബഗാൻ സമനില ഗോളിന് വേണ്ടി പരിശ്രമിച്ചെങ്കിലും മികച്ച പ്രതിരോധം തീർത്ത ചെന്നൈ സിറ്റി വിലപ്പെട്ട 3 പോയിന്റും വിജയവും കരസ്ഥമാകുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement