ചാമ്പ്യൻസ് ലീഗ്: അൽ വിഹ്ദത്തിനോട് തോറ്റ് ബെംഗളൂരു പുറത്ത്, ഇന്ത്യൻ പ്രതീക്ഷകൾ പൊലിഞ്ഞു

AFC ചാമ്പ്യൻസ് ലീഗിൽ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ബെംഗളൂരു എഫ്‌സി ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടാനാവാതെ പുറത്തായി. ഇന്ന് നടന്ന മത്സരത്തിൽ ജോർദാൻ ചാമ്പ്യന്മാരായ അൽ വിഹ്ദത്തിനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെട്ടാണ് ഇന്ത്യൻ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്‌സി പുറത്തായത്. വിജയത്തോടെ അൽ വിഹ്ദത്ത് ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ് കളിയ്ക്കാൻ യോഗ്യത നേടി.

ആദ്യ പകുതിയിൽ ബെംഗളുരുവിനു കാര്യമായി ഒന്നും തന്നെ ചെയ്യാനുണ്ടായിരുന്നില്ല, സുനിൽ ഛേത്രിക്ക് ലഭിച്ച ഒരു അവസരം ഒഴിച്ച് നിർത്തിയാൽ ആദ്യ പകുതിയിൽ ഹോം ടീമിനായിരുന്നു ആധിപത്യം. ഹസൻ ഫത്താഹ്ക്കും രാജെയ് ഫാദിലിനും മികച്ച രണ്ടു അവസരങ്ങൾ ലഭിച്ചിരുന്നു എങ്കിലും ബെംഗളൂരു ഗോളി അമരീന്ദർ സിങ് വിലങ്ങു തടിയായി നിന്നത് കൊണ്ട് ഗോളുകൾ പിറക്കാതെ വന്നു.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ ആണ് മൂന്നു ഗോളുകളും പിറന്നത്. 48ആം മിനിറ്റിൽ തന്നെ അഹ്മദ് മഹർ അൽ വിഹ്ദത്തിനായി വലകുലുക്കി. തുടർന്ന് 65ആം മിനിറ്റിൽ ഫൈസലിനെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി ഫൈസൽ തന്നെ അൽ വിഹ്ദത്തിന്റെ ലീഡ് ഇരട്ടിയാക്കി. ഗോൾ വീണതോടെ ഉണർന്നു കളിച്ച ബെംഗളൂരു 3 മിനിറ്റിനകം ഒരു ഗോൾ തിരിച്ചടിച്ചു, കാമറൂൺ വാട്സൺ എടുത്ത ഒരു കോർണറിൽ മാർക്ക് ചെയ്യപ്പെടാതെ നിൽക്കുകയായിരുന്ന ക്യാപ്റ്റൻ സുനിൽ ഛേത്രി ഹെഡർ ചെയ്ത് പന്ത് വലയിൽ എത്തിച്ചു. പക്ഷെ ആ ഗോൾ മതിയായിരുന്നില്ല ബെംഗളുരുവിന് മുന്നോട്ട് പോവാൻ. സമനില ഗോൾ നേടാൻ ബെംഗളുരുവിനെ അനുവദിക്കാതെ പിടിച്ചുകെട്ടി അൽ വിഹ്ദത്ത് വിജയം ഉറപ്പിച്ചു.

മത്സരത്തിൽ ഒരു ഘട്ടത്തിൽ പോലും അൽ വിഹ്ദത്തിനൊരു വെല്ലുവിളിയാവാൻ ബെംഗളൂരു എഫ്‌സിക്ക് കഴിഞ്ഞിരുന്നില്ല. AFC ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായി എങ്കിലും ബെംഗളൂരു എഫ്‌സി AFC കപ്പിന് യോഗ്യത നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ AFC കാപ്പിന്റ ഫൈനലിൽ പ്രവേശിച് ചരിത്രം കുറിച്ചിരുന്നു ബെംഗളൂരു എഫ്‌സി.

Previous articleഇന്ന് എടപ്പാളിൽ ഐഎം വിജയൻ ബൂട്ട് കെട്ടും
Next articleആന്‍ഡ്രേ റസ്സലിനു ഒരു വര്‍ഷത്തെ വിലക്ക്