ജിംഗനെ റാഞ്ചി ബെംഗളൂരു എഫ് സി

സന്ദേശ് ജിംഗനെ ഡി എസ് കെ ശിവാജിയൻസിനു ലഭിച്ചില്ല. കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം പ്രതിരോധ നിരക്കാരൻ ഇത്തവണ ഐ ലീഗിൽ നീല കുപ്പായം അണിയും. നിലവിലെ ഐ ലീഗ് ചാമ്പ്യന്മാരായ ബെംഗുളൂരു എഫ് സിയാണ് ജിംഗനെ ഐ ലീഗ് തുടങ്ങി രണ്ടാം ആഴ്ച സ്വന്തമാക്കിയത്.

ട്വിറ്ററിൽ ബെംഗുളൂരു എഫ് സിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയായിരുന്നു ഈ ട്രാൻസ്ഫർ പ്രഖ്യാപനം. ഷിലോംഗ് ലജോംഗിനെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി സീസൺ ആരംഭിച്ച ബെംഗളൂരു എഫ് സിക്ക് ജിംഗന്റെ സേവനം കൂടിയാകുമ്പോൾ ശക്തി കൂടും. കഴിഞ്ഞ ഐ ലീഗിൽ ശിവാജിയൻസിനു വേണ്ടി ബൂട്ടു കെട്ടിയ ജിംഗൻ ഇത്തവണയും ശിവാജിയൻസിൽ എത്തുമെന്നാണ് കരുതിയത്. ഐ ലീഗിലെ മികച്ച പ്രകടനം ഹംഗേറിയൻ ക്ലബിൽ നിന്നു വരെ ജിംഗനെ തേടി ആളെത്താൻ കാരണമായിരുന്നു.

ഐ എസ് എൽ സീസണിൽ കേരള ബ്ലാസ്റ്റെഴ്സിനെ ഫൈനല്‍ വരെ എത്തിക്കുന്നതില്‍ പ്രധാന പങ്ക് സന്ദേശ് ജിങ്കനായിരുന്നു. ഹ്യൂസ്, ഹെങ്ങ്ബെര്ട്ടിനോടൊപ്പം പ്രധിരോധനിരയില്‍ ജിങ്കൻ മിന്നും പ്രകടനമാണ് കേരളത്തിന്‌ വേണ്ടി ഇത്തവണ കാഴ്ച വെച്ചത്. ബെംഗുളൂരുവിൽ എത്തുമ്പോൾ ജിംഗനു കൂട്ടായി കേരളാ താരങ്ങളായ റിനോ ആന്റോവും സി കെ വിനീതും കാണും.