
ഐ ലീഗിൽ ഇന്ത്യൻ ഫുട്ബോളിന്റെ പ്രതീക്ഷകളായ ഇന്ത്യൻ ആരോസ് വിജയക്കുതിപ്പ് തുടങ്ങി. ഐ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ചെന്നൈ സിറ്റി എഫ്സിയെയാണ് ആരോസ് തകർത്തത്. ഗോവയിൽ നടന്ന മത്സരത്തിൽ അനികേത് യാദവ് നേടിയ ഇരട്ട ഗോളുകൾ ആണ് ആരോസിനെ സഹായിച്ചത്.
ഇന്ത്യയുടെ U17, U19 ടീമിലെ അംഗങ്ങളെ അണിനിരത്തി ഇറങ്ങിയ ആരോസ് മത്സരത്തിന്റെ തുടക്കം മുതലേ ചെന്നൈ സിറ്റിക്ക് മേൽ വ്യക്തമായ ആധിപത്യം പുലർത്തിയിരുന്നു. 20ആം മിനിറ്റിൽ തന്നെ അനികേതിന്റെ മികച്ച ഒരു ഗോളിൽ ആരോസ് മുന്നിൽ എത്തി. ഗോൾ നേടിയിട്ടും ആക്രമണം തുടർന്ന ആരോസ് 58ആം മിനിറ്റിൽ അനികേതിന്റെ ഗോളിൽ ലീഡ് ഇരട്ടിയാക്കി.
മത്സരം അവസാനിക്കാൻ നിമിഷങ്ങൾ ശേഷിക്കെ ചെന്നൈയുടെ മേൽ അവസാന ആണിയും അടിച്ച് ആരോസ് ഗോൾ പട്ടിക പൂർത്തിയാക്കി. 90ആം മിനിറ്റിൽ ബോറിസ് തങ്ഹാം ആണ് ഗോൾ നേടിയത്. തങ്ങളെക്കാൾ കായിക ക്ഷമതയുള്ള ടീമിനെ നേരിട്ടിട്ടും ഒരിക്കൽ പോലും പിന്നോട്ട് പോവാതെ കളിച്ച ആരോസ് മികച്ച പ്രതീക്ഷയാണ് ഇന്ത്യൻ ഫുട്ബോളിന് നൽകുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial