അലക്സ് സാജിയും ഗോകുലം കേരള സീനിയർ ടീമിൽ, 11 മലയാളികളുമായി ഐലീഗിന് ഇറങ്ങാൻ മലബാറിയൻസ്

കൊൽക്കത്ത, ജനുവരി 7:  ഗോകുലം കേരള എഫ് സിയുടെ റിസേർവ് ടീമിൽ നിന്നും ഡിഫൻഡർ അലക്സ് സാജി കൂടി ഗോകുലത്തിന്റെ ഐ ലീഗ് സ്‌ക്വാഡിൽ ചേർന്നു. ഇതോടെ കഴിഞ്ഞ വർഷത്തെ റിസേർവ് ടീമിൽ നിന്നും സീനിയർ ടീമിലേക്കു 4 കളിക്കാരാണ് പ്രൊമോട്ട് ചെയ്യപ്പെട്ടത്.

എമിൽ ബെന്നി, മുഹമ്മദ് ജാസിം, താഹിർ സമാൻ, എന്നിവരാണ് റിസേർവ് ടീമിൽ നിന്നും ഐ ലീഗ് സ്‌ക്വാഡിൽ കയറിയ മറ്റുള്ള താരങ്ങൾ.

ഈ സീസണിലെ ഐ-ലീഗ് സ്‌ക്വാഡിൽ 11 മലയാളികളാണ് ഉള്ളത്. വയനാട് സ്വദേശിയായ അലക്സ് കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമിൽ രണ്ടു പ്രാവശ്യം കളിച്ചിരുന്നു. ഗോകുലത്തിനു വേണ്ടി കഴിഞ്ഞ വര്ഷം കരാറിൽ ഏർപ്പെട്ട അലക്സ്, കേരള പ്രീമിയർ ലീഗ് കളിച്ചിരുന്നു.

“വളരെയധികം സന്തോഷം ഉണ്ട് ഗോകുലത്തിന്റെ ഐ ലീഗ് സ്‌ക്വാഡിൽ ചേരുവാൻ. ഗോകുലം ഒരുപാടു മലയാളികൾക്ക് അവസരം നൽകുന്നുണ്ട്. കേരള ഫുട്ബോളിന് ഇത് വലിയ നേട്ടമാണ്. മലബാറിന് മാത്രം 9 കളിക്കാരാണ് ടീമിൽ ഉള്ളത് ,” അലക്സ് പറഞ്ഞു.

ഇറ്റലിക്കാരൻ കോച്ച് വിൻസെൻസോ ആൽബർട്ടോ അന്നീസെയുടെ കീഴിൽ ഗോകുലം കൊൽക്കത്തയിൽ ഐ ലീഗിനായുള്ള തയാറെടുപ്പിലാണ്. ശനിയാഴ്ച ചെന്നൈ സിറ്റി എഫ് സിക്ക് എതിരെയാണ് ഗോകുലത്തിന്റെ ആദ്യ മത്സരം. ഈ പ്രാവശ്യം മത്സരങ്ങൾ എല്ലാം കൊൽക്കത്തയിൽ വെച്ചിട്ടാണ് നടക്കുന്നത്.

ഈ പ്രാവശ്യം ഐ ലീഗിന് റെജിസ്റ്റർ ചെയ്ത മലയാളികൾ: സി കെ ഉബൈദ്, പി എ അജ്മൽ, ജസ്റ്റിൻ ജോർജ്, മുഹമ്മദ് ജാസിം, അലക്സ് സജി, മുഹമ്മദ് റാഷിദ്, ഷിബിൻ മുഹമ്മദ്, ജിതിൻ എം എസ്, സൽമാൻ കെ, എമിൽ ബെന്നി, താഹിർ സമാൻ.