
ഇന്ത്യൻ വനിതാ ഐ ലീഗിലെ ഇന്നത്തെ മത്സരങ്ങളിൽ അളഖപുരക്കും പുനെ സിറ്റിക്കും വിജയം. രണ്ടിനെതിരെ ആറു ഗോളുകൾക്ക് അളഖപുര ഐസ്വാളിനെ തകർത്തപ്പോൾ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ജെപ്പിയാറിനെതിരെ പുനെ സിറ്റി ജയിച്ചു കയറിയത്.
അംബേദ്ക്കർ സ്റ്റേഡിയത്തിൽ നടന്ന ഇന്നത്തെ മത്സരത്തിൽ സഞ്ജു സ്റ്റെർലിങ്ങിന്റെ മികവിൽ ആണ് അളഖപുര ഐസ്വാളിനെ തകർത്തത്. സഞ്ജു സ്റ്റെർലിംങ് ഹാട്രിക് നേടിയപ്പോൾ കവിതാ ദേവിയുടെയും ദീപികയുടെയും ബൂട്ടുകളിൽ നിന്നായിരുന്നു മറ്റു രണ്ടു ഗോളുകൾ പിറന്നത്. ലാൽബൈക് ഡിക്കിയും ചൗങ്തുവും ആണ് ഐസ്വാളിന്റെ ആശ്വാസ ഗോളുകൾ പിറന്നത്. ആദ്യ മത്സരത്തിൽ പുനെയുമായി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞ അളഖപുരക്ക് ആശ്വാസമായി ഈ വിജയം. അതെ സമയം ആദ്യ മത്സരത്തിൽ എന്ന പോലെ രണ്ടാം മത്സരത്തിലും വലിയ മാർജിനിൽ പരാജയം ഏറ്റുവാങ്ങി ഐസ്വാൾ ലീഗിൽ ഏറ്റവും താഴെയാണ്.
ഇന്നത്തെ രണ്ടാം മത്സരത്തിൽ പുനെ സിറ്റി ഏകപക്ഷീയമായ ഒരു ഗോളിന് ജെപ്പിയാറിനെ തോൽപ്പിച്ചു. വിരസമായ ഒന്നാം പകുതിക്കു ശേഷം 47ആം മിനിറ്റിൽ ആണ് പുനെയുടെ വിജയ ഗോൾ പിറന്നത്. ദലീമ ചിബ്ബർ ആയിരുന്നു പുനെക്ക് വേണ്ടി വല കുലുക്കിയത്. ജെപിയാരിന്റെ തുടർച്ചയായ രണ്ടാം പരാജയം ആണിത്.