കാമോയും കിങ്സ്ലീയും മോഹൻ ബഗാനിൽ, ഐസോളിൽ ഇനി ആരുണ്ട് ബാക്കി

- Advertisement -

ഇന്ത്യയുടെ ചാമ്പ്യൻ ക്ലബായ ഐസോൾ എഫ് സിയെ മൊത്തമായി കൊൽക്കത്തയിലേക്ക് പറിച്ചു നടുകയാണ് എന്നു വേണം പറയാൻ. കൊൽക്കത്തൻ ക്ലബ് മോഹൻ ബഗാനാണ് ഇത്തവണ ഐസോൾ താരങ്ങളെ റാഞ്ചിയിരിക്കുന്നത്. മോഹൻ ബഗാന്റെ പുതിയ മൂന്നു സൈനിംഗിൽ രണ്ടും ഐസോളിന്റെ കിരീട നേട്ടത്തിൽ പ്രധാന പങ്കു വഹിച്ച താരങ്ങൾ. ഡിഫൻഡർ കിങ്സ്ലീയും ഫോർവേഡ് കാമോ ബയിയും.

കൊൽക്കത്ത ലീഗിനു വേണ്ടിയാണ് സൈനിംഗ് എന്നു പറയുന്നുണ്ടെങ്കിലും ഐ ലീഗിലും ഇവർ ബഗാനിൽ തന്നെ തുടരും. ഐവറി കോസ്റ്റ് താരമായ കാമോ കഴിഞ്ഞ സീസണിൽ 16 ഗോളുകളാണ് ഐസോളിനു വേണ്ടി സ്കോർ ചെയ്തത്. മുൻ സാൽഗോക്കർ താരമാണ് കാമോ. കിങ്സ്ലീയും മികച്ച പ്രകടനമാണ് ഖാലിദ് ജമീലിന്റെ കീഴിൽ അവസാന ഐ ലീഗിൽ നടത്തിയത്. ഡിഫൻസീവ് മിഡ് ആയും കളിക്കാൻ കഴിവുള്ള താരമാണ്. കൊൽക്കത്ത ലീഗിൽ മുമ്പ് കളിച്ചിട്ടുള്ള പരിചയസമ്പത്തും ഉണ്ട്.

നേരത്തെ ഐസോളിന്റെ ഏറ്റവും മികച്ച താരമായ ആമ്നയും കോച്ച് ഖാലിദ് ജമീലും ഉൾപ്പെടെ ഐസോളിന്റെ കിരീട നേട്ടത്തിൽ പ്രധാന പങ്കുവഹിച്ചവരെ ഈസ്റ്റ് ബംഗാളും കൊണ്ടു പോയിരുന്നു. അടുത്ത ഐലീഗിൽ പിടിച്ചു നിൽക്കാൻ ഐസോൾ കഷ്ടപ്പെടേണ്ടി വന്നേക്കും.

കോമയേയും കിങ്സ്ലീയേയും കൂടാതെ അൻസുമാന ക്രോമയേയും മോഹൻ ബഗാൻ സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ചർച്ചിൽ ബ്രദേഴ്സിനാണ് ഈ ലൈബീരിയൻ മിഡ്ഫീൽഡർ ബൂട്ടു കെട്ടിയത്.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement