വീണ്ടും അവസാന നിമിഷം ഗോൾ, ഐസോൾ എഫ്‌സിക്ക് ആദ്യ വിജയം

നിലവിലെ ചാമ്പ്യന്മാരായ ഐസോൾ എഫ്‌സിക്ക് സീസണിലെ ആദ്യ വിജയം. തങ്ങളുടെ ആദ്യ ഹോം മത്സരത്തിന് ഇറങ്ങിയ ഐസോൾ എഫ്‌സി മുൻ ചാമ്പ്യന്മാരായ ചർച്ചിൽ ബ്രദേഴ്‌സിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ മത്സരത്തിന്റെ അവസാന നിമിഷം ഗോൾ നേടി സമനിലയിൽ തളച്ചപോലെ ഇന്നും അവസാന നിമിഷം ആണ് ഗോൾ നേടിയത്, അതെ സമയം ചർച്ചിലിന്റെ തുടർച്ചയായ മൂന്നാം തോൽവി ആണിത്.

ഈസ്റ്റ് ബംഗാളിനെതിരെ ഇരട്ട ഗോളുകൾ നേടിയ വില്യം ലാൽനുനഫേല ഇല്ലാതെയാണ് ഐസോൾ ഇറങ്ങിയത്. ആദ്യ പകുതിയിൽ മികച്ച ബോൾ പോസെഷൻ ഉണ്ടായിട്ടും ഐസോളിന് ഗോളൊന്നും നേടാൻ കഴിഞ്ഞിരുന്നില്ല. മത്സരം സമനിലയിൽ കലാശിക്കും എന്ന് തോന്നിയിടത്ത് 88ആം മിനിറ്റിൽ കൊബയാഷി ആണ് ഐസോളിന്റെ വിജയം ഉറപ്പിച്ച ഗോൾ നേടിയത്.

ഇന്നത്തെ വിജയത്തോടെ രണ്ടു മത്സരങ്ങളിൽ നിന്നും 4 പോയിന്റുമായി ഐസോൾ അഞ്ചാം സ്ഥാനത്ത് എത്തിയപ്പോൾ കളിച്ച മൂന്നു മത്സരങ്ങളും പരാജയപ്പെട്ട ചർച്ചിൽ അവസാന സ്ഥാനത്ത് തുടരുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial