നോർത്തീസ്റ്റിന്റെ പോരാട്ടവീര്യവുമായി ഐസോൾ ഈസ്റ്റ് ബംഗാളിനെ തളച്ചു

ഐ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ഐസോൾ എഫ്‌സിക്ക് പൊരുതി നേടിയ സമനിലയോടെ തുടക്കം. കഴിഞ്ഞ വർഷം ഐസോളിനെ ചാമ്പ്യന്മാരാക്കിയ ഖാലിദ് ജാമിലിന്റെ കീഴിൽ ഇറങ്ങിയ കൊൽക്കത്ത ഈസ്റ്റ് ബംഗാളിനെ ആണ് രണ്ടു ഗോളിന് പിന്നിട്ട് നിന്ന ശേഷം അവസാന മിനിറ്റിൽ നേടിയ ഗോളിലൂടെ സമനിലയിൽ കുരുക്കിയത്. സാൾട്ട് ലേക്കിൽ നടന്ന പോരാട്ടത്തിൽ ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടി.

മലയാളി ഗോൾ കീപ്പർ മുർഷിദിനെ വലക്ക് മുന്നിൽ നിർത്തിയാണ് ഈസ്റ്റ് ബംഗാൾ തുടങ്ങിയത്. വില്ലിസ് പ്ലാസയുടെയും കസുമിയുടെയും മുന്നേറ്റങ്ങൾ ഐസോൾ ഗോൾ മുഖത്ത് ഭീതി വിതച്ചെങ്കിലും ആദ്യ പകുതിയിൽ ഗോൾ ഒന്നും വഴങ്ങാതെ പിടിച്ചു നിൽക്കാൻ ഐസോളിന് ആയി. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 66 ആം മിനിറ്റിൽ ആണ് ആദ്യ ഗോൾ പിറന്നത്. 72ആം മിനിറ്റിൽ കസുമിയും കൂടെ ഗോൾ നേടിയതോടെ ഈസ്റ്റ് ബംഗാൾ വിജയം ഉറപ്പിച്ചതായിരുന്നു.

തുടർന്നായിരുന്നു അവിശ്വസനീയമായ തിരിച്ചു വരവ് ഐസോൾ നടത്തിയത്. 74ആം മിനിറ്റിൽ വില്യം ലാൽനൻഫെലയിലൂടെ ഒരു ഗോൾ തിരിച്ചടിച്ച ഐസോൾ പിന്നീട് നിരന്തരം ഈസ്റ്റ് ബംഗാൾ ഗോൾ മുഖത്ത് എത്തി. അവസാനം ഇഞ്ചുറി ടൈമിൽ അവസാന മിനിറ്റിൽ, 96ആം വില്യം തന്നെ വീണ്ടും വല കുലുക്കി സമനിലയും നിർണായകമായ ഒരു എവേ പോയിന്റും ഐസോളിന് നേടി കൊടുത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial