ബഗാനെ തോൽപ്പിച് ഐസ്വാൾ ഐ ലീഗ് കിരീടത്തിനരികെ

റെലഗേഷനിൽ നിന്ന് വരിക, ആ ടീം ഐ ലീഗ് കിരീടം നേടുക എന്ന അപൂർവ നിമിഷത്തിലേക്കാണ് ഐ ലീഗ് അടുക്കുന്നത്. കഴിഞ്ഞ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റി രചിച്ച പോലെ ഒരു “ഫെയറി ടൈൽ” ആണ് ഖാലിദ് ജമീലിന്റെ ഐസ്വാൾ എഫ്‌സി ഐ ലീഗിൽ രചിക്കുന്നത്. ഇന്ന് നടന്ന ഐ ലീഗ് കിരീടം നിശ്ചയിക്കുന്ന മത്സരത്തിൽ വമ്പന്മാരായ മോഹൻ ബഗാനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചതോടെ ഐസ്വാൾ എഫ്‌സിക്ക് കിരീടം ഒരു സമനിലയുടെ ദൂരത്തിൽ മാത്രം.

ഇന്ന് ഐസ്വാളിന്റെ ഗോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഐസ്വാൾ മോഹൻ ബഗാനെ തകർത്തു ലീഗിൽ വ്യക്തമായ 3 പോയിന്റിന്റെ ലീഡ് നേടിയത്. മഴയിൽ കുതിർന്ന ടർഫിൽ നടന്ന മത്സരത്തിൽ 83ആം മിനിറ്റിൽ റാൾട്ടെ നേടിയ ഗോളിനാണ് ഐസ്വാൾ വിജയം നേടിയത്. പ്രതിരോധത്തിൽ ഒന്നി കളിച്ച ഖാലിദ് ജമീലിന്റെ ടീമിനെതിരെ ഒരിക്കൽ പോലും ബഗാന് വെല്ലുവിളിയുയർത്താനായില്ല. സീസണിലെ ആദ്യ ലീഗിൽ ഐസ്വാളിനെതിരെ നേടിയ വിജയത്തിന്റെ മേൽകൈയുമായി ഇറങ്ങിയ ബഗാന് താളം പിഴക്കുകയായിരുന്നു. സിറിയൻ മിഡ്ഫീൽഡർ മഹ്മൂദ് ആംന കളം നിറഞ്ഞു കളിച്ചപ്പോൾ പലപ്പോഴും ബാഗാൻ പ്രതിരോധം വിറച്ചു. സമനിലയിലേക്ക് നീങ്ങുകയായിരുന്ന മത്സരം റാൾട്ടെയുടെ ഗോളിലൂടെ ഐസ്വാൾ സ്വന്തമാക്കുകയായിരുന്നു. ഇതോടെ ഐസ്വാളിനു 17 മത്സരങ്ങളിൽ നിന്നും 36 പോയിന്റ് ആയി.

ഈ മാസം 30നു നടക്കുന്ന ലീഗിലെ അവസാന മത്സരത്തിൽ ഷില്ലോങിനെതിരെ സമനില നേടിയാൽ പോലും ഐസ്വാളിനു കിരീടം സ്വന്തമാക്കാം. ഐസ്വാൾ കിരീടം നേടിയാൽ ദേശീയ ലീഗ് നേടുന്ന ആദ്യത്തെ ടീം ആയി മാറും ഐസ്വാൾ. അതെ സമയം കിരീടം സ്വന്തമാക്കാൻ ബാഗാനു ഇനിയും അവസരം ഉണ്ട്, അവസാന മത്സരത്തിൽ ഐസ്വാൾ പരാജയപ്പെടുകയും മോഹൻ ബാഗാൻ ചെന്നൈ സിറ്റിയെ തോൽപ്പിക്കുകയും കൂടെ ചെയ്താൽ കിരീടം കൊൽക്കത്തയിൽ എത്തും. കിരീടം ആര് നേടിയാലും ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും വാശിയേറിയ ഒരു ലീഗിനാണ് ഏപ്രിൽ 30നു തിരശീല താഴുക.