
ഐ ലീഗ് ജേതാക്കളായ മിനർവ എഫ് സിയുടെ ഉടമസ്ഥന് രഞ്ജിത്ത് ബജാജിന് 10 ലക്ഷം രൂപ പിഴയിട്ട് ഓൾ ഇന്ത്യ ഫുട്ബോൾ അസോസിയേഷൻ. പിഴക്ക് പുറമെ രഞ്ജിത് ബജാജിനെ ഫുട്ബോളിൽ നിന്ന് ഒരു വർഷത്തേക്ക് വിലക്കുകയും ചെയ്തിട്ടുണ്ട്. റഫറിയെ വംശീയമായി അധിക്ഷേപിച്ചതിനാണ് ഫുട്ബോൾ അസോസിയേഷൻ പിഴ ചുമത്തിയത്.
മിനർവ എഫ് സിയുടെ അണ്ടർ 18 യൂത്ത് ലീഗ് മത്സരത്തിനിടെയാണ് രഞ്ജിത് ബജാജ് റഫറിയെ വംശീയമായി അധിക്ഷേപിച്ചത്. മിനർവയും ഐസ്വാൾ എഫ് സിയും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവങ്ങൾ അരങ്ങേറിയത് എന്നാണ് ഫെഡറേഷന്റെ വിശദീകരണം. വിലക്കിന്റെ കാലാവധിയിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നടത്തുന്ന ഒരു ഫുട്ബോൾ മത്സരത്തിനും സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ രഞ്ജിത് ബജാജിന് സാധ്യമാവില്ല.
ഒരു വർഷത്തിനിടെ നാലാമത്തെ കുറ്റം ചെയ്തതിനെ തുടർന്നാണ് രഞ്ജിത് ബജാജിന് കഠിന ശിക്ഷ ഫുട്ബോൾ ഫെഡറേഷൻ നൽകിയത്. പിഴ തുകയായ 10 ലക്ഷം 10 ദിവസത്തിനുളിൽ അടക്കാനും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial