AFC ചാമ്പ്യൻസ് ലീഗ് യോഗ്യത: ബെംഗളുരു എഫ്‌സി നാളെ അൽ വിഹ്ദത്തിനെതിരെ

കഴിഞ്ഞ വർഷത്തെ AFC കപ്പ് റണ്ണേഴ്‌സ്അപ്പ് ആയ ബെംഗളുരു എഫ്‌സി നാളെ AFC ചാമ്പ്യൻസ് ലീഗ് യോഗ്യതാ റൗണ്ടിനിറങ്ങും. ജോർദാൻ ചാമ്പ്യന്മാരായ അൽ വിഹ്ദത്ത് ആണ് ബെംഗളുരുവിന്റെ എതിരാളികൾ.

AFC ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുന്ന ആദ്യ ടീം എന്ന നേട്ടം സ്വന്തമാക്കാനുറച്ചാണ് ഇന്ത്യൻ ചാമ്പ്യന്മാരായ ബെംഗളൂരു ഇറങ്ങുന്നത്. 2015 യോഗ്യതാ റൗണ്ടിൽ മത്സരിച്ച ബെംഗളൂരു എഫ്‌സി മലേഷ്യൻ ചാമ്പ്യന്മാരായ ജോഹറിനോട് തോറ്റു പുറത്താവുകയായിരുന്നു. പക്ഷെ തൊട്ടടുത്ത വര്ഷം തന്നെ AFC കപ്പിന്റെ ഫൈനലിൽ പ്രവേശിച്ചു ചരിത്രം കുറിച്ച ബെംഗളുരു എഫ്‌സി മറ്റൊരു ചരിത്ര നിമിഷത്തിനായാണ് കാത്തിരിക്കുന്നത്. മികച്ച രീതിയിൽ സീസൺ തുടങ്ങിയ ബെംഗളൂരു എഫ്‌സി പക്ഷെ കഴിഞ്ഞ രണ്ടു മത്സരങ്ങൾ പരാജയത്തിന്റെ രുചി അറിഞ്ഞാണ് ജോർദാനിൽ എത്തിയിട്ടുള്ളത്. മികച്ച ഫോമിൽ ഉള്ള മലയാളി താരം വിനീതും വിങ്ങർ ഉദാന്ത സിങ്ങും ബെംഗളുരുവിനു കരുത്താവുമ്പോൾ ആൽബർട്ട് റോക്കക്ക് തലവേദയാവുന്നത് ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ മോശം ഫോമാണ്. സീസണിൽ ഇതുവരെ ഒരു തവണ മാത്രമേ സുനിൽ ഛേത്രി എതിരാളികളുടെ വലകുലുക്കിയിട്ടുള്ളു, അതും ചർച്ചിലിനെതിരെ ലഭിച്ച ഒരു പെനാൽറ്റിയിലിലൂടെ.

ബെംഗളുരുവിന്റെ എതിരാളികൾ ആയ അൽ വിഹ്ദത്ത് മികച്ച ഫോമിൽ ആണുള്ളത്, നിലവിലെ ജോർദാൻ ലീഗ് ചാമ്പ്യന്മാരയ അൽ വിഹ്ദത്ത് കഴിഞ്ഞ നാല് മത്സരങ്ങളും എതിരാളികൾക്കുമേലെ ഗോൾ മഴ പെയ്യിച്ചാണ് വിജയിച്ചിട്ടുള്ളത്. 2005മുതലിങ്ങോട്ട് 8 തവണ ജോർദ്ദാൻ ലീഗ് സ്വന്തമാക്കിയിട്ടുള്ള അൽ വിഹ്ദത്തിനെ മറികടക്കുക ആൽബർട്ട് റോക്കക്കും സംഘത്തിനും കടുത്ത വെല്ലുവിളിയാവും. ഇന്ത്യൻ ടീമുകൾക്കെതിരെ മികച്ച റെക്കോർഡ് ഉള്ള അൽ വിഹ്ദത്തിനോട് കഴിഞ്ഞ തവണ ഏറ്റുമുട്ടിയപ്പോൾ ബെംഗളൂരു 5-1 ന്റെ വലിയ പരാജയം രുചിച്ചിരുന്നു.

ഇന്ത്യയിൽ നിന്നുള്ള ഒരു ടീമും ഇതുവരെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടം കളിച്ചിട്ടില്ല, അൽ വിഹ്ദത്തിനോട് വിജയിച്ചാലും ഗ്രൂപ്പ് ഘട്ടത്തിലേക്ക് കടക്കാൻ ബെംഗളുരുവിനു പ്ലേ ഓഫ് കളിക്കേണ്ടതായിട്ടുണ്ട്. പ്ലേ ഓഫിൽ ബംഗളുരുവിനെ കാത്തിരിക്കുന്നത് UAE ടീം അൽ വഹ്ദയാണ്. ബെംഗളൂരു എഫ്‌സി ഈ രണ്ടു മത്സരങ്ങളും വിജയിച്ചാൽ നേട്ടമുണ്ടാകുന്ന മറ്റൊരു ടീം ഈസ്റ്റ് ബംഗാൾ ആണ്, ബെംഗളൂരു ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുന്ന പക്ഷം ഈസ്റ്റ് ബംഗാളിന് AFC കപ്പിന് യോഗ്യത ലഭിക്കും.

Previous articleശൈശവത്തിലെന്നെ ഭ്രമിപ്പിച്ച വിസ്മയ പ്രതിഭ
Next articleലെസ്റ്റർ സിറ്റിക്ക് വേണ്ടി ഇനി കളിക്കില്ല: ലിയാണാഡോ ഒജോവ