ഹോംലെസ് ലോകകപ്പ് ഫുട്ബോൾ; ഇന്ത്യക്ക് മികച്ച തുടക്കം

നോർവേയിൽ നടക്കുന്ന ഹോംലെസ് ലോകകപ്പ് ഫുട്ബോളിൽ ഇന്ത്യൻ ടീമുകൾക്ക് മികച്ച തുടക്കം. രണ്ടു ദിവസമായി നടക്കുന്ന ടൂർണമെന്റിൽ ഇന്ത്യൻ വനിതാ ടീം സമ്പൂർണ്ണ വിജയവുമായി കുതിക്കുമ്പോൾ ഇന്ത്യൻ പുരുഷ ടീം കളിച്ച മൂന്നു മത്സരങ്ങളിൽ രണ്ടും വിജയിച്ചു.

ഇന്നലെ രണ്ടു മത്സരങ്ങളാണ് ഇന്ത്യൻ പുരുഷ ടീമിനുണ്ടായിരുന്നത്. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യൻ ടീം ശക്തരായ ഫ്രാൻസിനെ മൂന്നിനെതിരെ ആറു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. പക്ഷെ രണ്ടാം മത്സരത്തിൽ അയർലണ്ടിനോട് രണ്ടു ഗോളിന്റെ പരാജയം ഏറ്റു വാങ്ങേണ്ടി വന്നു ഇന്ത്യയ്ക്ക്. ആദ്യ ദിവസം ഇന്ത്യൻ ടീം 4-3 എന്ന സ്കോറിന് ഹംഗറിയേയും പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യൻ പുരുഷ ടീമിൽ മലയാളി സാന്നിദ്ധ്യമായി കേരളത്തിന്റെ സ്വന്തം വിഗ്നേഷ് ഉണ്ട്.

വനിതകൾ പുരുഷന്മാരേക്കാൾ ഒരു പിടി മുന്നിലാണ്. മത്സരിച്ച രണ്ടു മത്സരങ്ങളിലും ഏകപക്ഷീയമായി തന്നെ ഇന്ത്യൻ വനിതകൾ വിജയിച്ചു. ആദ്യ ദിവസം 11-2 എന്ന സ്കോറിന് കെനിയയെ പരാജയപ്പെടുത്തിയ ഇന്ത്യൻ വനിതകൾ ഇന്നലെ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്ക് സ്കോട്ട്‌ലൻഡിനെയും വീഴ്ത്തി.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleദുലീപ് ട്രോഫി സുരേഷ് റൈന ഇന്ത്യ ബ്ലൂ നായകന്‍, ബേസില്‍ തമ്പി ഇന്ത്യ റെഡില്‍
Next articleപ്ലേ ഓഫില്‍ കടന്ന് ജമൈക്ക തല്ലാവാസ്