ഹെവി മെറ്റൽ ഫുട്ബോൾ

യോർഗെൻ ക്ളോപ് എന്ന ജർമ്മൻ പരിശീലകന് ഫുട്ബോൾ എന്നാൽ എന്റർടൈൻമെന്റ് ആണ്….

ക്ളോപ് തന്‍റെ ഫുട്ബോൾ ശൈലിയെ സ്വയം വിശേഷിപ്പിക്കുന്നത് ഹെവി മെറ്റൽ ഫുട്ബോൾ എന്നാണ്, ജയത്തിനപ്പുറം ടിക്കറ്റ് എടുത്തു കളി കാണാൻ വരുന്ന സാധാരണക്കാരനെ രസിപ്പിക്കാതെ എന്തിനാണ് ടീമുകൾ കളിക്കുന്നത് എന്നതാണ് ക്ളോപ്പിന്റെ ചോദ്യം .

ജർമ്മൻ ടീം ആയ ബൊറൂസിയ ഡോർട്മുണ്ടിനെ ജർമൻ ലീഗ് കിരീടത്തിലേക്കും ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെയും എത്തിച്ച ചെയ്ത ശേഷമാണ് ക്ളോപ്പ് ഇംഗ്ലണ്ടിലേക്കു വരുന്നത് . ഒരുകാലത്ത്‌ യൂറോപ്പിലെ വൻ ഫുട്ബോൾ ശക്തിയായിരുന്നു ലിവർപൂളിനെ പഴയ പ്രതാപത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരിക എന്ന ദൗത്യം തന്‍റെ പതിവ് ചിരിയുമായി തന്നെയാണ് ക്ളോപ്പ് ഏറ്റെടുത്തിരിക്കുന്നത് .

2015-2016 സീസണിന്റെ തുടക്കത്തിൽ തന്നെ തിരിച്ചടികൾ നേരിട്ട് തുടങ്ങിയപ്പോഴാണ് പരിശീലകനായിരുന്ന ബ്രെണ്ടൻ റോഡ്ജേഴ്സിനെ മാറ്റി ലിവർപൂൾ ക്ളോപ്പിനെ നിയമിക്കുന്നത് . ആദ്യ സീസണിൽ പ്രീമിയർ ലീഗിൽ അത്ഭുതങ്ങൾ ഒന്നും കാട്ടാൻ കഴിയാതിരുന്ന ക്ളോപ്പ് പക്ഷെ ടീമിനെ ഇംഗ്ലീഷ് ലീഗ് കപ്പ് , യൂറോപ്പ ലീഗ് എന്നീ ടൂർണമെന്റുകളുടെ ഫൈനൽ വരെ എത്തിച്ചു. ഫുട്ബോൾ ശൈലികൊണ്ട് ഇംഗ്ലണ്ടിനെ ഞെട്ടിക്കാൻ തുടങ്ങുന്നത് ഈ സീസണിന്റെ തുടക്കം മുതലാണ് …

കേവലം പന്ത് കൈവശം വച്ച് അവസരങ്ങൾക്കു കാത്തിരിക്കുന്ന ശൈലിയെക്കാൾ പന്ത് കിട്ടുമ്പോഴൊക്കെ എതിർ ഗോൾമുഖത്തേക്ക്‌ ഇരമ്പി കയറുന്ന ശൈലിയാണ് ക്ളോപ്പിന്റേത് . ലൂയി സുവാരസ് ലിവർപൂൾ വിട്ടശേഷം ഫുട്ബോൾ ലോകത്തെ സൂപ്പർ താരങ്ങൾ എന്ന് വിശേഷിപ്പിക്കുന്ന താരങ്ങളിൽ ഒരാൾ പോലും ഇല്ലാതെയാണ് ലിവർപൂൾ കളിക്കുന്നത്. എതിരാളികൾ ട്രാൻസ്ഫർ മാർക്കറ്റിൽ പണം വാരിയെറിയുമ്പോൾ തന്‍റെ ടീമിലുള്ള ഫിലിപ് ക്യൂട്ടീഞ്ഞോ, ഫിർമിനോ, ജോർദാൻ ഹെന്ഡേഴ്സൺ തുടങ്ങിയവരെയൊക്കെ വിശ്വസിക്കാനും പരിശീലനം വഴി അവരിലൂടെ നേട്ടങ്ങൾ നേടിയെടുക്കാനാണ് ക്ളോപ്പിന്റെ പരിശ്രമം. പ്രതാപകാലം കഴിഞ്ഞു എന്ന് പലരും വിശ്വസിച്ച ജെയിംസ് മിൽനെർ പോലും ക്ളോപ്പിനു കീഴിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. സൗത്താംപ്ടണിൽ നിന്ന് സാഡിയൊ മാനെ, ന്യൂ കാസിൽ യുണൈറ്റഡിൽ നിന്ന് ജോർജിനിയോ വൈനാള്ഡം, മുൻ ഷാൽകെ താരം ജോയൽ മാറ്റിപ്പ് എന്നിവരെകൂടെ ഉൾപ്പടുത്തി ഈ വർഷം ശക്തമായി തന്നെയാണ് ക്ളോപ്പ് ടീമിനെ ഒരുക്കിയിരിക്കുന്നത്.

ഈ സീസണിന്റെ തുടക്കം മാത്രമാണെങ്കിലും ക്ളോപ്പിന്റെ ആക്രമണ ഫുട്ബാളിന്റെ ചൂടറിഞ്ഞവരിൽ വമ്പന്മാരായ ചെൽസിയും ആർസെനലും എല്ലാമുണ്ട്.

പൊസഷൻ നഷ്ടപ്പെടുമ്പോൾ എത്രയും പെട്ടെന്ന് പന്ത് തിരിച്ചെടുക്കാൻ ജെൻ ജെൻ പ്രെസ്സിങ് എന്ന തന്ത്രം ഏറ്റവും നന്നായി ഉപയോഗിക്കുന്ന പരിശീലകരിൽ മുമ്പനാണ് ക്ളോപ്പ്. എതിരാളികൾ നീക്കം ആരംഭിക്കുന്നതിനു മുൻപുതന്നെ പന്ത് തിരിച്ചെടുക്കാൻ ക്ളോപ്പ് തന്റെ ഓരോ കളിക്കാരനെയും പ്രാപ്തനാക്കുന്നു.

ആക്രമ ഫുട്ബാളിന്റെ പേരിൽ പുകഴ്ത്തപ്പെടുമ്പോഴും അപ്രതീക്ഷിതമായ തോൽവികൾ, അതും പലപ്പോഴും താരതമ്യേന ദുർബലരായ എതിരാളികളോട് വഴങ്ങുന്നതാണ് ക്ളോപ്പ് നേരിടുന്ന പ്രധാന വെല്ലുവിളി.

പലപ്പോഴും മുന്നേറ്റനിരയുടെ മിടുക്കുകൊണ്ടു മാത്രം ജയിക്കുന്ന കളികളാണ് ലിവർപൂളിന്‍റെത്. പ്രതിരോധത്തിലെ പോരായ്മകൾ നികത്താതെ പ്രീമിയർ ലീഗ് എന്ന ലോകത്തിലെ തന്നെ ഏറ്റവും കടുത്ത ലീഗിൽ എത്രത്തോളം മുന്നോട്ടുപോകാനാവും എന്നത് കാത്തിരുന്നു കാണണം. ഈ വർഷം പ്രീമിയർ ലീഗ് കിരീടം നേടിക്കൊണ്ട് ഓരോ ലിവർപൂൾ ആരാധകനെയും ആഘോഷത്തിന്‍റെ ഉന്മാദത്തിലേക്ക് നയിക്കാൻ ക്ളോപ്പിന്‍റെ ഹെവി മെറ്റൽ ഫുട്ബോളിന് സാധിക്കുമോ എന്നറിയാൻ 2017 മെയ് വരെ കാത്തിരിക്കേണ്ടിയിരിക്കുന്നു…