Picsart 25 08 08 23 46 17 058

ബാഴ്സ പരിശീലകൻ ഹാൻസി ഫ്ലിക്കിന് ചാമ്പ്യൻസ് ലീഗിൽ ഒരു മത്സരത്തിൽ വിലക്ക്


ബാഴ്സലോണ പരിശീലകൻ ഹാൻസി ഫ്ലിക്കിന് യുവേഫ ഒരു മത്സരത്തിൽ വിലക്കേർപ്പെടുത്തി. അദ്ദേഹത്തോടൊപ്പം അസിസ്റ്റന്റ് മാർക്കസ് സോർഗിനും വിലക്കുണ്ട്. ഇരുവരും €20,000 വീതം പിഴയടക്കണം. ചാമ്പ്യൻസ് ലീഗിലെ ബാഴ്സയുടെ ആദ്യ മത്സരം ഇവർക്ക് സ്റ്റാൻഡിലിരുന്ന് കാണേണ്ടിവരും.


കഴിഞ്ഞ മേയിൽ ഇന്റർ മിലാനോട് നടന്ന സെമി ഫൈനൽ മത്സരത്തിൽ റഫറിയുടെ ചില തീരുമാനങ്ങളിൽ ഫ്ലിക്ക് രോഷാകുലനായിരുന്നു. ഇതിനെ തുടർന്നാണ് യുവേഫയുടെ അച്ചടക്ക സമിതി നടപടിയെടുത്തത്. പത്ത് വർഷത്തിന് ശേഷം ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്താനുള്ള ബാഴ്സയുടെ പ്രതീക്ഷകൾക്ക് അന്ന് തിരിച്ചടിയേറ്റിരുന്നു.


പരിശീലകർക്ക് പുറമേ താരങ്ങളായ യമാൽ, റോബർട്ട് ലെവൻഡോസ്‌കി എന്നിവർക്ക് €5,000 വീതം പിഴ ചുമത്തി. മത്സരശേഷം ഡോപ്പിങ് പരിശോധനയിൽ കൃത്യമായി പങ്കെടുക്കാത്തതിനാണ് നടപടി. കാണികൾ ഗ്രൗണ്ടിലേക്ക് വസ്തുക്കൾ വലിച്ചെറിഞ്ഞതിന് ബാഴ്സലോണ ക്ലബ്ബിന് €5,250 പിഴ ചുമത്തി. കൂടാതെ, സ്റ്റേഡിയത്തിൽ പടക്കം കത്തിച്ചതിന് €2,500 പിഴയുമുണ്ട്.

ഇന്റർ മിലാനും യുവേഫയുടെ നടപടി നേരിട്ടു. കാണികൾ പൊതുവഴികൾ തടസ്സപ്പെടുത്തിയതിന് €22,000 പിഴയും പടക്കം കത്തിച്ചതിന് €11,500 പിഴയും അവർക്ക് ചുമത്തി.

Exit mobile version