ഗ്വാഡിയോള മാജിക്ക് സിറ്റിയിൽ തുടരും, മൂന്ന് വർഷത്തേക്ക് പുതിയ കരാർ

- Advertisement -

പെപ് ഗ്വാഡിയോളയുടെ ഇംഗ്ലണ്ടിലെ നാളുകൾ ഉടൻ അവസാനിക്കില്ല. മാഞ്ചസ്റ്റർ സിറ്റിക്ക് ചരിത്രത്തിൽ ഇടം നേടിയ സീസൺ സമ്മാനിച്ച പെപ് ഗ്വാഡിയോള ക്ലബുമായി പുതിയ കരാർ ഒപ്പുവെച്ചു. മൂന്ന് വർഷത്തേക്കാണ് ഗ്വാഡിയോള തന്റെ കരാർ പുതുക്കിയത്. 2021വരെ പ്രീമിയർ ലീഗിൽ ഗ്വാഡിയോളയുടെ തന്ത്രങ്ങൾ കാണാം. 2016-17 സീസണിൽ സിറ്റിയിൽ എത്തിയ ഗ്വാഡിയോളയ്ക്ക് ആദ്യ സീസൺ അത്ര മികച്ചതായിരുന്നില്ല.

എന്നാൽ രണ്ടാം സീസണിൽ പണം വാരിയെറിഞ്ഞ് മികച്ച സ്ക്വാഡിനെ ഒരുക്കിയ പെപ് സിറ്റിയുമായി ഇംഗ്ലണ്ടിൽ ചരിത്ര കുതിപ്പ് തന്നെ നടത്തി. ലീഗിൽ ഏകാധിപത്യത്തോടെ കിരീടം നേടിയ സിറ്റി, ഏറ്റവും കൂടുതൽ പോയന്റുകൾ, ഏറ്റവും കൂടുതൽ ഗോളുകൾ, ഏറ്റവും കൂടുതൽ തുടർജയങ്ങൾ, ഏറ്റവും കൂടുതൽ ജയങ്ങൾ തുടങ്ങി നിരവധി റെക്കോഡുകൾ പെപ് ഈ സീസണിൽ സ്വന്തമാക്കിയിരുന്നു.

20മില്യൺ ആണ് പെപ് ഗ്വാഡിയോളയുടെ പുതിയ കരാർ തുക എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വാർത്ത ശരിയാണെങ്കിൽ അത് ഗ്വാഡിയോളയെ ലോകത്തെ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന പരിശീലകനാക്കി മാറ്റും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement