
മുപ്പത്തേഴാമത് സിക്കിം ഗോൾഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കാൻ കേരളത്തിന്റെ സ്വന്തം ഗോകുലം എഫ് സിയും. സിക്കിം ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന ടൂർണമെന്റിൽ രാജ്യത്തെ മികച്ച ക്ലബുകൾക്കൊപ്പം നേപ്പാളിൽ നിന്നും ഭൂട്ടാനിൽ നിന്നുമുള്ള ടീമുകൾ ഉണ്ട്. അവർക്കെതിരെയാകും ഗോകുലം എഫ് സി മാറ്റുരക്കുക.
ഒക്ടോബർ 5 മുതൽ 15 വരെയാണ് നോർത്ത് ഈസ്റ്റിന്റെ ഈ കായിക മാമാങ്കം നടക്കുന്നത്. 12ലധികം ടീമുകൾ അണിനിരക്കുന്ന ടൂർണമെന്റ് പൽജോർ സ്റ്റേഡിയത്തിലാണ് നടക്കുക. കൊൽക്കത്തൻ ശക്തിയായ മോഹൻ ബഗാനാണ് ടൂർണമെന്റിലെ ഏറ്റവും കരുത്തരായ ടീം. ടിബറ്റൻ എൻഎസ്എ, മനാഗ് മസൻഗുഡി ക്ലബ് നേപ്പാൾ, എയർ ഇന്ത്യ, സിക്കിം ഹിമാലയൻ എസ് സി, റോയൽ സിക്കിം യുണൈറ്റഡ് ഫുട്ബോൾ ക്ലബ്, ഒഎൻജിസി മുംബൈ, ഇന്ത്യൻ ആർമി റെഡ്, നേപ്പാൾ ആർമി ക്ലബ്, എആർസി, ഷില്ലോങ് തുടങ്ങിയ ക്ലബുകളും ടൂർണമെന്റിനെത്തും.
ഈസ്റ്റ് ബംഗാളും പങ്കെടുക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു എങ്കിലും പിന്നീട് ഈസ്റ്റ് ബംഗാൾ പിന്മാറുകയായിരുന്നു. 14 വർഷത്തിന് ശേഷമാണ് മോഹൻ ബഗാൻ സിക്കിം ഗോൾഡ് കപ്പിൽ പങ്കെടുക്കുന്നത്.
ഐ ലീഗ് പ്രവേശനം ഉറപ്പിച്ച ഗോകുലം തങ്ങളുടെ മികവ് നോർത്ത് ഈസ്റ്റിനു കാണിച്ചു കൊടുക്കാൻ കൂടിയാണ് ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഈ മാസം തുടക്കത്തിൽ ഗോവയിൽ നടന്ന AWES കപ്പിൽ പങ്കെടുത്ത ഗോകുലം ഫൈനൽ വരെ എത്തിയിരുന്നു. സാൽഗോക്കർ, വാസ്കോ ഗോവ തുടങ്ങിയ ശക്തികളെ തറപറ്റിച്ച ഗോകുലം ഫൈനലിൽ ഡെംപോയോട് ഷൂട്ടൗട്ടിലാണ് പരാജയപ്പെട്ടത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial