ഗോകുലം ഇനി കോഴിക്കോടിന്റെ ക്ലബ്, മാറ്റം മലപ്പുറം ജില്ല സ്പോർട്സ് കൗൺസിലിനോട് പ്രതിഷേധിച്ച്

- Advertisement -

ഗോകുലം എഫ് സി പൂർണ്ണമായും കോഴിക്കോടേക്ക് പറിച്ച് നടുകയാണ്. വിവാ കേരളയ്ക്കു ശേഷം ഐ ലീഗിൽ കേരളത്തിന്റെ ആദ്യ പ്രാധിനിത്യം ആകുമെന്ന് കരുതപ്പെടുന്ന ഗോകുലം എഫ് സി മലപ്പുറം വിട്ടത് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ മോശം സമീപനങ്ങൾ കാരണമാണ്. ഗോകുലം മലപ്പുറം ആസ്ഥാനമാക്കാൻ തീരുമാനിച്ചപ്പോൾ വർഷങ്ങളായുള്ള മലപ്പുറം ഫുട്ബോളിന്റെ ഒരു പ്രൊഫഷണൽ ക്ലബ് എന്ന ആഗ്രഹം സഫലമായതായി കരുതിയിരുന്നു. പക്ഷെ ആ പ്രതീക്ഷകൾ ഒക്കെ തുടക്കത്തിൽ തന്നെ തകരുകയാണ്.

കോട്ടപ്പടി സ്റ്റേഡിയവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന പ്രശ്നങ്ങളാണ് അവസാനം മലപ്പുറം വിട്ട് പോകേണ്ട സ്ഥിതിയിൽ എത്തിയത്. ക്ലബ് ആരംഭിച്ച് ഇറങ്ങിയ ആദ്യ രണ്ടു ടൂർണമെന്റുകളിലും ബിനോ ജോർജ്ജും സംഘവും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. കേരള ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഫൈനലിലും തങ്ങളുടെ ആദ്യ കേരള പ്രീമിയർ ലീഗിൽ സെമി ഫൈനലിലും ഗോകുലം എത്തിയിരുന്നു.

കോട്ടപ്പടി സ്റ്റേഡിയത്തിൽ പരിശീലനം നടത്താൻ ഭീമമായ തുക ജില്ലാ സ്പോർട്സ് കൗൺസിൽ വാങ്ങിയിട്ടും പരിശീലനത്തിന് സൗകര്യങ്ങൾ ഒരുക്കി കൊടുത്തിരുന്നില്ല. സ്റ്റേഡിയം വിട്ടു കൊടുത്തതല്ലാതെ കളിക്കാർക്ക് ഡ്രസിംഗ് റൂം വരെ അധികൃതർ തുറന്നു കൊടുത്തില്ല. വിദേശ താരങ്ങൾ ഉൾപ്പെടെ ഗ്രൗണ്ടിൽ വെച്ചു തന്നെ ഡ്രസ് ചെയ്യേണ്ട ഗതി ആയിരുന്നു. ഗ്രൗണ്ട് നല്ലതായി സംരക്ഷിക്കുന്നതിലും ജില്ലാ കൗൺസിലിനെതിരെ പരാതികളുണ്ട്. വിവിധ പരുപാടികൾക്ക് സ്റ്റേഡിയം വിട്ടു കൊടുക്കുകയുൻ ഫുട്ബോൾ പരിശീലനത്തിന് അവസരം ഒരുക്കാതിരിക്കുകയും ചെയ്തതിന് മുമ്പ് നാട്ടുകാരും ജില്ലാ സ്പോർട്സ് കൗൺസിലിനെതിരെ രംഗത്ത് എത്തിയിരുന്നു.

എന്തായാലും കേരളത്തിന്റെ പ്രതീക്ഷ ആയിരിക്കുന്ന ഗോകുലത്തിന് ജില്ലാ സ്പോർട്സ് കൗൺസിൽ പിന്തുണ നൽക്കാത്തതിൽ മനം മടുത്താണ് ഗോകുലം കോഴിക്കോടേക്ക് കൂടു മാറിയത്. കാലിക്കറ്റ് സർവകലാശാല ഗ്രൗണ്ടിലായിരിക്കും ഇനി ഗോകുലം പരിശീലനം നടത്തുക. ഇത്തവണ ഗോകുലം ഐ ലീഗിലേക്ക് നേരിട്ട് യോഗ്യത നേടും എന്നാണ് വാർത്തകൾ വരുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement