പ്രതിഷേധങ്ങൾക്ക് ഫലം, ഗോകുലം എഫ് സി മഞ്ചേരിയിൽ തന്നെ കളിക്കും

- Advertisement -

പ്രതിഷേധങ്ങൾ അങ്ങനെ അവസാനം ഫലം കണ്ടു. ഗോകുലം എഫ് സി മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ തന്നെ കളിക്കും. ഇന്ന് ജില്ലാ കളക്ടറുടെ ആഭിമുഖ്യത്തിൽ ക്ലബ് അധികൃതരും ജില്ല സ്പോർട്സ് കൗൺസിലും തമ്മിൽ നടത്തിയ ചർച്ചയിലാണ് പ്രശ്നങ്ങൾക്ക് പരിഹാരമായത്. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഐ ലീഗിനു വേണ്ടിയുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കികൊണ്ട് സ്റ്റേഡിയം ഒരു മാസത്തിനകം  ഗോകുലത്തിന് നൽകുമെന്ന് സ്പോർട്സ് കൗൺസിൽ കലക്ടർക്ക് ഉറപ്പു കൊടുക്കുക ആയിരുന്നു.

ഐ ലീഗിന് വേണ്ടി തയ്യാറെടുക്കുന്ന ഗോകുലം എഫ് സി ഇന്ന് മുതൽ കോട്ടപ്പടി സ്റ്റേഡിയത്തിയിൽ പരിശീലനം നടത്തും ഒരു മാസത്തിനകം ക്ലബ് മഞ്ചേരിയിലേക്ക് കൂടുമാറും. നേരത്തെ പയ്യനാട് സ്റ്റേഡിയം വിട്ടുകൊടുക്കാത്തതിനാൽ ഗോകുലം എഫ് സിയുടെ പരിശീലനം ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ നടപടിയിൽ സ്പോർട്സ് കൗൺസിലിനെതിരെ ശക്തമായ പ്രതിഷേധം തന്നെ സാമൂഹ്യ മാധ്യമങ്ങളിലും മറ്റും ഉയർന്നിരുന്നു.

ഐ ലീഗിനു വേണ്ടി തയ്യാറാകുന്ന ഗോകുലം എഫ് സി അടുത്ത മാസം ഗോവയിൽ നടക്കുന്ന ടൂർണമെന്റിൽ പങ്കെടുത്തുകൊണ്ട് സീസൺ ആരംഭിക്കാൻ ഇരിക്കുകയാണ്. സ്റ്റേഡിയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവസാനിച്ചതോടെ മലപ്പുറത്ത് ഐ ലീഗ് എത്തുമെന്ന് ഉറപ്പായി. 2013നു ശേഷം ദേശീയ ഫുട്ബോൾ എത്താതെ കിടന്നിരുന്ന പയ്യനാട് സ്റ്റേഡിയത്തിനും ഈ തീരുമാനം ഗുണമാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement