Picsart 25 01 23 20 34 36 682

ജയം തേടി ഗോകുലം കേരള ഇന്ന് ഇന്റർ കാശിയെ നേരിടും

കോഴിക്കോട്: അവസാന മത്സരത്തിൽ സ്വന്തം തട്ടകത്തിലേറ്റ തോൽവിയുടെ ക്ഷീണം തീർക്കാൻ ഗോകുലം കേരള ഇന്ന് സ്വന്തം മൈതാനത്ത് വീണ്ടും ഇറങ്ങുന്നു. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ പട്ടികയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ഇന്റർ കാശിയെയാണ് ഗോകുലം നേരിടുന്നത്. അവസാന മത്സരത്തിൽ നാംധാരിക്കെതിരേ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെട്ട ഗോകുലത്തിന് ഇന്ന് ജയത്തിലൂടെ തിരിച്ചുവരുക എന്ന ലക്ഷ്യം മാത്രമാണ് മുന്നിലുള്ളത്.

ഒൻപത് മത്സരത്തിൽ നിന്ന് മൂന്ന് വിജയം നാലു സമനില രണ്ട് തോൽവി എന്നിവ ഉള്ള ഗോകുലം പട്ടികയിൽ ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്. ഇന്നത്തെ മത്സരത്തിൽ ജയിക്കുകയാണെങ്കിൽ സ്ഥാനം മെച്ചപ്പെടുത്താനും ടീമിന്റെ ആത്മിവിശ്വാസം തിരിച്ചുപിടിക്കാനും മലബാറിയൻസിന് കഴിയും. അവസാന മത്സരത്തിൽ ടീം മികച്ചു നിന്നെങ്കിലും ഫിനിഷിങ്ങിലെ പോരായ്കളായിരുന്നു തിരിച്ചടിയായത്. ഇക്കാര്യത്തിലെല്ലാം പരിഹാരം കണ്ടാണ് ഇന്നത്തെ മത്സരത്തിൽ ഗോകുലം ഇന്റർ കാശിയെ നേരിടുന്നത്. തൊട്ടുമുൻപ് നടന്ന എവേ മത്സരത്തിലും ജയിച്ചായിരുന്നു ഗോകുലം ഹോം ഗ്രൗണ്ടിൽ പരാജയപ്പെട്ടത്.

സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന ഇൻർകാശിയെ വീഴ്ത്തണമെങ്കിൽ മികച്ച പ്രകടനം തന്നെ ആവശ്യമാണ്. ” അവസാന മത്സരം തോറ്റെങ്കിലും ടീം തിരിച്ചുവരവിന്റെ പാതയിലാണ്. ഹോം ഗ്രൗണ്ടിലെ മൂന്ന് പോയിന്റാണ് ലക്ഷ്യം. ഹോം വർക്കെല്ലാം കൃത്യമായി പൂർത്തിയാക്കി എന്നത് ടീമിന്റെ ആത്മിവശ്വാസം വർധിക്കുന്നത്. അവസാന മത്സരത്തിലെ തോൽവിയിൽനിന്ന് പാഠം ഉൾക്കൊണ്ടിട്ടുണ്ട്. ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്” പരിശീലകൻ അന്റോണിയോ റുവേഡ വ്യക്തമാക്കി. എതിരാളികൾ ശക്തമാണ്. അതിന് ഉതകുന്ന രീതിയിലാണ് ടീമിനെ ഒരുക്കിയിട്ടുള്ളത്. അക്രമണത്തോടൊപ്പം പ്രതിരോധത്തെയും ഒരുപോലെ യോജിപ്പിച്ച് കൊണ്ടുപോകാനാണ് തീരുമാനം, ജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ, പരിശീലകൻ കൂട്ടിച്ചേർത്തു. ഒൻപത് മത്സരത്തിൽനിന്ന് 17 പോയിന്റുള്ള ഇന്റർ കാശി പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്. അഞ്ച് വിജയം, രണ്ട് വീതം തോൽവി, സമനില എന്നിവയാണ് ഇന്റർ കാശിയുടെ നേട്ടങ്ങൾ. രാത്രി ഏഴിനാണ് മത്സരം. മത്സരം കാണാൻ സ്ത്രീകൾക്ക് സൗജന്യമായി സ്‌റ്റേഡിയത്തിൽ പ്രവേശിക്കാനാകും.

Exit mobile version