Picsart 25 02 16 21 02 15 286

ജയം തേടി ഗോകുലം കേരള എഫ് സി ഇന്ന് ഡൽഹിക്ക് എതിരെ

17/ 02 / 2025, കോഴിക്കോട് : ഐ ലീഗിലെ തുടർ തോൽവികൾക്ക് ശേഷം ആശ്വാസ ജയം തേടി ഗോകുലം കേരള സ്വന്തം തട്ടകത്തിൽ ഇന്ന് കളത്തിലിറങ്ങുന്നു. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന അവസാന മത്സരത്തിൽ ഗോകുലം റിയൽ കശ്മീരിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു. തൊട്ടുമുൻപ് ചർച്ചിൽ ബ്രദേഴ്‌സിനെതിരേയുള്ള മത്സരത്തിലും ഗോകുലം തോൽവി രുചിച്ചിരുന്നു. അതിനാൽ ഇന്നത്തെ മത്സരത്തിൽ ജയത്തോടെ തിരിച്ചുവരാനാണ് മലബാറിയൻസ് കളത്തിലിറങ്ങുന്നത്.

ഇന്ന് രാത്രി ഏഴിന് നടക്കുന്ന മത്സരത്തിൽ ഡൽഹി എഫ്.സിയെയാണ് ഗോകുലം നേരിടുന്നത്. ഡൽഹിയിൽ നടന്ന എവേ മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളിന് ഗോകുലം കേരള ജയിച്ചു കയറിയിരുന്നു. അതിനാൽ ഇന്ന് സ്വന്തം തട്ടകത്തിൽ നടക്കുന്ന പോരാട്ടത്തിൽ ഡൽഹിയിലെ വീഴ്ത്തി വിജയ വഴിയിയിൽ തിരിച്ചെത്താൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് മലബാറിയൻസ്.


സീസണിൽ 14 മത്സരം പൂർത്തിയാക്കിയ ഗോകുലം പട്ടികയിൽ ഏഴാം സ്ഥാനത്താണിപ്പോൾ. ഇത്രയും മത്സരത്തിൽ നിന്ന് അഞ്ച് ജയം നാലു സമനില, അഞ്ചു തോൽവി എന്നിവയാണ് ഗോകുലത്തിന്റെ നേട്ടങ്ങൾ. 14 മത്സരത്തിൽനിന്ന് രണ്ട് ജയം നാലു സമനില, എട്ട് തോൽവി എന്നിവയുടെ 10 പോയിന്റുള്ള ഡൽഹി പട്ടികയിൽ 11ാം സ്ഥാനത്താണ്. എതിരാളികൾ ദുർബലരായതിനാൽ ഇന്നത്തെ മത്സരത്തിൽ ജയിച്ച് മൂന്ന് പോയിന്റ് നേടാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഗോകുലം കേരള ഇറങ്ങുന്നത്. മത്സരത്തിൽ സ്ത്രീകൾക്ക് പ്രവേശം സൗജന്യമായിരിക്കും.

Exit mobile version