ഗോകുലം എഫ് സി ടീം ലോഞ്ച് നാളെ ഹൈലൈറ്റ് മാളിൽ

കേരളത്തിന്റെ ഒരേയൊരു ഐ ലീഗ് ക്ലബായ ഗോകുലം കേരള എഫ് സി നാളെ ഔദ്യോഗികമായി പുതിയ സീസണായുള്ള ടീം ലോഞ്ച് നടത്തും. നാളെ വൈകിട്ട് കോഴിക്കോട് ഹൈലൈറ്റ് മാളിലാണ് ഗോകുലത്തെ ലോഞ്ച് പരുപാടികൾ നടക്കുന്നത്. അടുത്ത ആഴ്ച നടക്കുന്ന ഐ ലീഗ് സീസണായി തയ്യാറാവുന്ന ഗോകുലം തങ്ങളുടെ പുതിയ ലോഗോയും ഒപ്പം ഐ ലീഗിനായുള്ള സ്ക്വാഡിനേയും നാളെ അവതരിപ്പിക്കും.

അഫ്ഗാനിസ്താൻ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റൻ ഫൈസൽ ഉൾപ്പെടെയുള്ള വിദേശ താരങ്ങളും നാളെ ഹൈലൈറ്റ് മാളിൽ ഉണ്ടാകും. മോഹൻ ബഗാനു വേണ്ടി തകർപ്പൻ പ്രകടനം കാഴ്ചവെച്ച സ്ട്രൈക്കർ കാമോയേയും ഗോകുലം എഫ് സി ടീമിൽ എത്തിച്ചിട്ടുണ്ട്.

തെയ്യം പശ്ചാത്തലമാക്കി ആണ് ഗോകുലം എഫ് സി പുതിയ ലോഗൊ ഒരുക്കിയിരിക്കുന്നത്. അതിന്റെ ഔദ്യോഗിക പ്രകാശനവും നാളെ നടക്കും. ലോഗോയെ കൂടാതെ ഗോകുലം എഫ് സിയുടെ തീം സോംഗും നാളെ ഹൈലൈറ്റ് മാളിൽ ആദ്യമായി അവതരിപ്പിക്കും.

 

കോച്ച് ബിനോ ജോർജ്ജിന്റേയും അസിസ്റ്റന്റ് കോച്ച് സാജിറുദ്ദീന്റേയും നേതൃത്വത്തിലാണ് ഗോകുലം എഫ് സി പുതിയ സീസണായി ഒരുങ്ങുന്നത്. ഇതുവരെ നടന്ന പ്രീസീസൺ മത്സരങ്ങളിൽ ഒക്കെ മികച്ച പ്രകടനം കാഴ്ചവെച്ച ഗോകുലം ഐ ലീഗിലും അതാവർത്തിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രീ സീസണിൽ ബെംഗളൂരു എഫ് സിയേയും കേരള ബ്ലാസ്റ്റേഴ്സിനേയും നേരിട്ട ഗോകുലം ഇരു ടീമുകൾക്കെതിരേയും മികച്ച പ്രകടനം നടത്തിയിരുന്നു. ബ്ലാസ്റ്റേഴ്സിനെതിരെ സമനില നേടുകയും ചെയ്തിരുന്നു.

നവംബർ 27നാണ് ഗോകുലം എഫ് സിയുടെ ഐ ലീഗ് സീസണിലെ ആദ്യ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമാജിദ് ഖാന് സഹായ ഹസ്‌തവുമായി ബൈച്ചുങ് ഭൂട്ടിയ
Next articleകേരളത്തിനു രണ്ടാം ഇന്നിംഗ്സില്‍ മികച്ച തുടക്കം