വൻ ജയവുമായി ഗോകുലം, സെമി പ്രതീക്ഷകൾ ബാക്കി

ഗോവയിൽ നടക്കുന്ന AWES കപ്പിൽ വൻ ജയത്തോടെ ഗോകുലം എഫ് സി സെമി പ്രതീക്ഷ കാത്തു. ഇന്ന് നടന്ന മത്സരത്തിൽ സീസ അക്കാദമിയെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ഗോകുലം ഇന്ന് പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു ഗോകുലം എഫ് സിയുടെ വൻ തിരിച്ചുവരവിന് തിലക് മൈതാൻ സാക്ഷിയായത്.

ഗോകുലത്തിനായി നാസർ ഇരട്ട ഗോളുമായി തിളങ്ങി. നാസറിനെ കൂടാതെ രാജേഷും വി പി സുഹൈറുമാണ് ഇന്ന് ഗോൾ കണ്ടെത്തിയത്. രാജേഷിന്റെ ഗോകുലത്തിനായുള്ള അരങ്ങേറ്റമായിരുന്നു ഇന്ന്. ഇന്നത്തെ മത്സരത്തോടെ ഗ്രൂപ്പിലെ ഗോകുലത്തിന്റെ മത്സരങ്ങൾ അവസാനിച്ചു. മൂന്ന് മത്സരങ്ങളിൽ നിന്നായി 4 പോയന്റാണ് ഗോകുലത്തിന് ഇപ്പോൾ ഉള്ളത്.

6 പോയന്റുള്ള ഒ എൻ ജി സി നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്നു. 4 പോയന്റുള്ള സ്പോർടിംഗ് ഗോവയും ഗോകുലവുമാണ് ഗ്രൂപ്പിലെ രണ്ടാം സെമി സ്ഥാനത്തിനായി പ്രതീക്ഷ വെക്കുന്നത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഞായറാഴ്ച സ്പോർടിങ് ഗോവ ഒ എൻ ജി സിയെ നേരിടും. സ്പോർടിംഗിന് ഇപ്പോൾ +2 ഗോൾ ഡിഫറൻസും ഗോകുകത്തിന് 0 ഗോൾഡിഫറൻസുമാണ് ഉള്ളത്. ഒ എൻ ജി സിയോട് സ്പോർടിംഗ് രണ്ടിൽ കൂടുതൽ ഗോൾ വ്യത്യാസത്തിൽ തോറ്റാൽ ഗോകുലത്തിന് സെമിയിലേക്ക് കടക്കാം.

Exit mobile version